| Tuesday, 7th February 2023, 6:35 pm

റൊണാൾഡോ ക്യാപ്റ്റനായത് ഞങ്ങൾക്ക് കുറച്ച് വിചിത്രമായി തോന്നി; വെളിപ്പെടുത്തി അൽ നസർ സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ഞെട്ടിക്കുന്ന സൈനിങ്ങായിരുന്നു റൊണാൾഡൊയെ അൽ നസർ ക്ലബ്ബിലെത്തിച്ചത്.

ഏകദേശം 225 മില്യൺ യൂറോ നൽകിയാണ് റോണോയെ അൽ നസർ സൈൻ ചെയ്തിരിക്കുന്നത്. 2025 വരെയാണ് റൊണാൾഡോയുമായി അൽ അലാമി കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതോടെ ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും കുതിച്ചുയർന്നിരുന്നു.

എന്നാൽ റൊണാൾഡോ ക്ലബ്ബിലെത്തിയതിന് പിന്നാലെ തന്നെ താരത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അൽ നസർ താരമായ ജലാലുദ്ധീൻ മസ്ഹാരിപോവ്.

റൊണാൾഡോയെ ക്യാപ്റ്റനാക്കിയത് കുറച്ച് വിചിത്രമായിരുന്നെന്നും എന്നാൽ അത് അനിവാര്യമായ കാര്യമാണെന്നുമായിരുന്നു മസ്ഹാരിപോവിന്റെ പ്രതികരണം.
സ്പോർട്സ്.ആർ.യുവിന് നൽകിയ അഭിമുഖത്തിലാണ് മസ്ഹാരിപോവ് റൊണാൾഡോയെ ക്യാപ്റ്റനാക്കിയതിനെക്കുറിച്ച് പ്രതികരിച്ചത്.


“റൊണാൾഡോ ക്ലബ്ബിലേക്ക് എത്തിയപ്പോൾ തന്നെ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചത് കുറച്ച് വിചിത്രമായ കാര്യമായിരുന്നു. പക്ഷെ ഞങ്ങൾ അത് ഉണ്ടാകുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു.

കാരണം അത് തികച്ചും അനിവാര്യമായ കാര്യമാണ്. അത്കൊണ്ട് തന്നെ ഞങ്ങളുടെ അപ്പോഴത്തെ ക്യാപ്റ്റൻ ഒരു മടിയും കൂടാതെ റൊണാൾഡോക്ക് ക്യാപ്റ്റന്റെ ആംബാഡ് നൽകി.തീർച്ചയായും റൊണാൾഡോയെ ക്യാപ്റ്റനാക്കിയത് നല്ലൊരു പരിഹാരമായിരുന്നു,’ ജലാലുദ്ധീൻ മസ്ഹാരിപോവ് പറഞ്ഞു.


അൽ നസറിന്റെ ക്യാപ്റ്റനാവുന്നതിന് മുമ്പ് പി.എസ്.ജിയുമായുള്ള സന്നാഹ മത്സരത്തിൽ റിയാദ് ഇലവനായും ക്യാപ്റ്റൻ റോളിലാണ് റൊണാൾഡോ മത്സരത്തിനിറങ്ങിയത്.

കളിയിൽ മിന്നും പ്രകടനം കാഴ്ച വെക്കാനും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കാനും റൊണാൾഡോക്ക് സാധിച്ചിരുന്നു.

അതേസമയം ഫെബ്രുവരി 9ന് അൽ വെഹ്ദക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. ജയിച്ചാൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അൽ നസറിന് നില നിർത്താൻ സാധിക്കും.

Content Highlights:We found it a bit strange that Ronaldo was the captain; said al nassr player Jaloliddin Masharipov

We use cookies to give you the best possible experience. Learn more