കോഴിക്കോട്: തങ്ങള്‍ ബി.ജെ.പിയൊന്നുമല്ലെന്നും സ്വതന്ത്രമായി ചിന്തിക്കുന്ന പാര്‍ട്ടിയാണെന്നും വ്യക്തമാക്കി ജെ.ഡി.എസ് അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍. എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. എല്ലാ അംഗങ്ങളോടും കൂടിയാലോചിച്ചാണ് ലയനതീരുമാനം എടുത്തതെന്നും വിയോജിപ്പുകള്‍ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജനാധിപത്യ വ്യവസ്ഥയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. അല്ലെങ്കില്‍ അതൊരു ഏകാധിപത്യ പാര്‍ട്ടിയാകുമല്ലോ. ഞങ്ങള്‍ ബി.ജെ.പിയൊന്നുമല്ല. ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. അതുകൊണ്ട് എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അത് കേള്‍ക്കാനുള്ള ബാധ്യത നേതൃത്വത്തിനുമുണ്ട്,’ ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജെ.ഡി.എസ് വിട്ടുനില്‍ക്കുന്നത് ശരിയല്ല. കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൂടി പ്രമേയം പാസാക്കി, ആ പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചെന്നും വിയോജിപ്പുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം കഷ്ടപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ലയനത്തിന് തീരുമാനമായത്. 13 വര്‍ഷത്തിന് ശേഷമാണ് എല്‍.ജെ.ഡി ജെ.ഡി.എസിലെത്തുന്നത്.
എം.വി. ശ്രേയാംസ്‌കുമാര്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, കെ.പി. മോഹനന്‍ എം.എല്‍.എ. ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്‌കരന്‍, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ സമിതിയാണ് ലയനകാര്യത്തില്‍ എല്‍.ജെ.ഡിക്കായി രൂപരേഖയുണ്ടാക്കുന്നത്.