പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പോയവാരങ്ങളില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ ” പോ മോനേ മോദി” പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന മലയാളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത് ഓര്‍മ്മയില്ലേ. കഴിഞ്ഞ വര്‍ഷം മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ സമയം പ്രധാനമന്ത്രിയുടെ കേരളത്തെ സൊമാലിയയോട് ഉപമിച്ചു കൊണ്ടുള്ള പ്രസംഗത്തിനെതിരെ ഉടലെടുത്തതായിരുന്ന പോ മോനേ മോദി ട്രെന്റ്. അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ ചിത്രം.
സെമിയില്‍ ഇന്ത്യയും അയല്‍ക്കാരായ ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴായിരുന്നു പോ മോനേ മോദി എന്നെഴുതിയ പ്ലക്കാര്‍ഡ് സ്റ്റേഡിയത്തിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ മലയാളിയുടെ പാത പിന്തുടര്‍ന്ന് തമിഴനും ക്രിക്കറ്റ് മത്സരത്തിനിടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയരിക്കുകയാണ്. വിഷയം രാജ്യത്തെ ഇന്ന പലതട്ടിലായി തിരിച്ച ബീഫ് നിരോധനമാണ്.
“ഞങ്ങള്‍ ബീഫ് കഴിക്കും- തമിഴന്‍” എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനിടെയാണ് യുവാവിന്റെ പ്രതിഷേധം. മത്സരത്തിനിടെ ടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയായിരുന്നു.
നിരവധി പേരാണ് ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ബീഫ് നിരോധനത്തിനെതിരെ കേരളവും തമിഴ്‌നാടുമടക്കവുമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുവാവിന്റെ പ്രതിഷേധം ശ്രദ്ധേയമാകുന്നത്.