ബെംഗളൂരു: ബി.ജെ.പിയുടേതുപോലെ തരംതാഴ്ന്ന രാഷ്ട്രീയം തങ്ങള്‍ കളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.എ ഹാരിസ്. ജനവിധി തങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ രാഷ്ട്രീയമാണ്. അവരുടെതുപോലെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ല. ഞങ്ങള്‍ 118 പേരുണ്ട്. മറ്റാരുടേയും സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല. ആരും എന്നെ റിസോര്‍ട്ടിലേക്ക് ക്ഷണിച്ചിട്ടില്ല. കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ച് നിന്ന് സര്‍്ക്കാര്‍ രൂപീകരിക്കുമെന്നും എന്‍.എന്‍ ഹാരിസ് പറഞ്ഞു.
അതേസമയം തങ്ങള്‍ എല്ലാവരും ഒരുമിച്ചുണ്ടെന്നും എം.എല്‍.എമാരെ കാണിനില്ലെന്ന തരത്തില്‍ പുറത്ത് വരുന്നതെല്ലാം വ്യാജ വാര്‍ത്തകള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് എം.ബി പാട്ടീലും പറഞ്ഞു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അവരുടെ ചാക്കിട്ടുപിടുത്തം നടക്കില്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും പാട്ടീല്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും നേരത്തെ രംഗത്തെത്തിയിരുന്നു. അറിയാവുന്ന കളിയെല്ലാം ബി.ജെ.പി കളിക്കെട്ടെയെന്നും എന്നാല്‍ ഇത്തവണ വിജയം കോണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ജെ.ഡി.എസിന് അവരുടെ എം.എല്‍.എമാരില്‍ പൂര്‍ണവിശ്വാസമുണ്ട്. ആരും പാര്‍ട്ടി വിട്ട് പുറത്തുപോവില്ല. ഇവരെയൊക്കെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കട്ടെ. പക്ഷേ നടക്കില്ല അത് മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. കോണ്‍ഗ്രസിലെ ഒരൊറ്റ എം.എല്‍.എമാര്‍ പോലും ബി.ജെ.പിക്കൊപ്പം ചേരില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് പറയുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നമ്പര്‍ ഇതുവരെ തികഞ്ഞിട്ടില്ല. 104 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. കോണ്‍ഗ്രസിനും ജെ.ഡി.എസിനും കൂടി 117 സീറ്റുണ്ട്. ഗവര്‍ണര്‍ ആരുടേയും പക്ഷം പിടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.