ഭൂമിദാനക്കേസ്; അന്വേഷണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍
Kerala
ഭൂമിദാനക്കേസ്; അന്വേഷണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2012, 2:35 pm

തിരുവനന്തപുരം: കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

അതേസമയം, കേസ് ഏത് ഘട്ടത്തില്‍ എത്തിയെന്ന് അറിയിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 12 ന് ഇതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.[]

അന്വേഷണത്തില്‍ നിന്ന് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതെന്തിനാണെന്നും അന്തിമ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, തനിക്കെതിരെയുള്ള ഭൂമിദാനക്കേസ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.

സര്‍ക്കാരിന് ആരോടും വിരോധമില്ലെന്നും ഭൂമിദാനക്കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അതിനെ പറ്റി പറയുന്നില്ല. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ഭൂമിദാനക്കേസ് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്ന വി.എസ് അച്യുതാനന്ദന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായരിന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭത്തിനും അഴിമതിക്കുമെതിരായി പോരാടിയതിനുള്ള പ്രതികാരനടപടിയാണിതെന്നും അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതികാരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂട്ടുനില്‍ക്കുകയാണ്. ഇതിന് മുമ്പും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം നേരിട്ട് അഴിമതി വിരുദ്ധപോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.