അഹമ്മദാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിൽ കുടുങ്ങിയ മലയാളികൾ പ്രതിസന്ധിയിൽ. അഹമ്മദാബാദിൽ ലോക്ക് ഡൗൺ കർശനമാക്കിയതോടെ ഭക്ഷ്യവസ്തുക്കൾക്ക് പോലും ക്ഷാമം നേരിടുന്നുണ്ടെന്നാണ് ഇവിടെ കുടുങ്ങിയ മലയാളികൾ പറയുന്നത്. താൽക്കാലിക ആവശ്യങ്ങൾക്ക് വന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര മേഖലകളിൽ കൊവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക ട്രെയിനിനായി മലയാളി സംഘടനകളുടെ നേതൃത്വത്തിലും ഗുജറാത്ത് സർക്കാരിന്റെയും കേരള സർക്കാരിന്റെയും അനുമതിയ്ക്കായി ശ്രമിക്കുന്നുണ്ട്.
സൂറത്തിൽ തീവ്രബാധിത മേഖലകൾ പോലും സീൽ ചെയ്തിട്ടില്ലാത്തതിനാൽ രോഗവ്യാപന ഭീഷണിയിലാണ് തങ്ങൾ ഉള്ളതെന്ന് ഇവിടെ കുടുങ്ങിയ മലയാളികൾ പറയുന്നു. സമ്പൂർണ്ണ ലോക് ഡൗണുള്ള അഹമ്മദാബാദിൽ പച്ചക്കറി-പലവ്യഞ്ജനക്കടകളടക്കം അടഞ്ഞു കിടക്കുകയാണ്. പാൽ വിതരണ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും മാത്രമാണ് അഹമ്മദാബാദിൽ പ്രവർത്തനാനുമതി ഉള്ളത്.
ഗുജറാത്തിൽ കൊവിഡ് രാേഗികളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക