സിഡ്‌നി: ആസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ക്വീന്‍സ് ലാന്‍ഡ് ആരോഗ്യവകുപ്പും തമ്മിലുള്ള വാക്‌പോര് തുടരുന്നു. നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബ്രിസ്‌ബേനിലേക്കു വരേണ്ടതില്ലെന്ന ക്വീന്‍സ്‌ലാന്‍ഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് എം.പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ടീമംഗം തന്നെ രംഗത്തെത്തി.
തങ്ങളോട് മൃഗശാലയിലെ മൃഗങ്ങളോടെന്ന പോലെ പെരുമാറരുതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ താരം പറഞ്ഞതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ സിഡ്‌നിയില്‍നിന്ന് നാലാം ടെസ്റ്റിനായി ബ്രിസ്‌ബേനിലെത്തിയാല്‍ വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന ക്വീന്‍സ്‌ലാന്‍ഡിലെ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ ബി.സി.സി.ഐയും എതിര്‍ത്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായയ്ക്ക് ഭംഗമേല്‍പ്പിക്കുന്നതാണ് ക്വീന്‍സ്‌ലാന്‍ഡ് മന്ത്രിയുടെ പരാമര്‍ശമെന്ന് ബി.സി.സി.ഐ വിലയിരുത്തി.
ഈ മാസം ഏഴിനു തുടങ്ങുന്ന 3-ാം ടെസ്റ്റിനു വേദിയൊരുക്കുന്ന സിഡ്‌നി, കൊവിഡ് ഹോട്‌സ്‌പോട്ടായ ന്യൂ സൗത്ത് വെയ്ല്‍സിലാണ്. 4-ാം ടെസ്റ്റിനു വേദിയാകേണ്ട ബ്രിസ്‌ബെയ്ന്‍ മറ്റൊരു സംസ്ഥാനമായ ക്വീന്‍സ്‌ലന്‍ഡിലാണ്.
റോഡ് മാര്‍ഗമുള്ള അതിര്‍ത്തികള്‍ ക്വീന്‍സ്ലന്‍ഡ് അടച്ചിട്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്ന് ആകാശമാര്‍ഗം ക്വീന്‍സ്ലന്‍ഡില്‍ എത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതു സര്‍ക്കാര്‍ നയമാണ്. ‘ഹോട്‌സ്‌പോട്ടില്‍നിന്നു വരുന്നവര്‍ ആരായാലും ക്വാറന്റീന്‍ നിര്‍ബന്ധം. ആ വ്യവസ്ഥയ്ക്കു മാറ്റമില്ല’ ക്വീന്‍സ്ലന്‍ഡിലെ ചീഫ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ജീനെറ്റ് യങ് കഴിഞ്ഞ ദിവസവും പറഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയയില്‍ വന്നയുടന്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞതിനാല്‍ ഇനിയൊരിക്കല്‍ക്കൂടി ക്വാറന്റീന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ടീം പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക