ഗുവാഹത്തി: മിയാ മുസ്‌ലിങ്ങളിൽ നിന്ന് തങ്ങൾ വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയ മുസ്‌ലിം വിഭാഗത്തിൽ പെടുന്നവർ ഉള്ളതിനാലാണ് താൻ മെഡിക്കൽ കോളേജ് സന്ദർശിക്കാത്തതെന്നും പത്രസമ്മേളനത്തിൽ ഹിമന്ത പറഞ്ഞു.
ബി.ജെ.പിയും താനും അസമിലെ തദ്ദേശീയ മുസ്‌ലിങ്ങളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനാലാണ് തങ്ങൾ മിയ മുസ്‌ലിങ്ങളിൽ നിന്ന് വോട്ട് പ്രതീക്ഷിക്കാത്തതെന്നും പരിഗണിക്കാത്തതെന്നും ഹിമന്ത പറഞ്ഞു. സ്വദേശീയരേക്കാൾ മെഡിക്കൽ കോളേജിൽ മിയ വിഭാഗക്കാരാണ് ഉള്ളത് എന്നത് സങ്കടകരമാണെന്നും ഹിമന്ത പറഞ്ഞു.
മിയ വിഭാഗവുമായി കോൺഗ്രസിനും എ.ഐ.യു.ഡി.എഫിനും വോട്ടു ബന്ധമുണ്ടെന്നും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മിയ മുസ്‌ലിങ്ങളിൽ നിന്ന് ഇരുപാർട്ടികളും വോട്ട് നേടുന്നതെന്നും ഹിമന്ത ആരോപിച്ചു. എന്നാൽ അവരുടെ മാനുഷിക വികസനത്തിലും താമസപ്രദേശങ്ങളിലെ റോഡുകൾ, കോളേജുകൾ, പാലങ്ങൾ എന്നിവയുടെ വികസനത്തിലും കോൺഗ്രസ് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ തദ്ദേശീയ മുസ്‌ലിങ്ങളുടെ വികസനത്തിനായി സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നും അതിനായി അവർക്കിടയിൽ സർവ്വേ നടത്തുമെന്നും ഹിമന്ത പറഞ്ഞു.
അതേസമയം, മിയ മുസ്‌ലിങ്ങൾ സംസ്ഥാനത്ത് ജോലി ചെയ്യാതിരുന്നാൽ ഗുവാഹത്തി തരിശുഭൂമിയായി മാറുമെന്ന് അസം ആസ്ഥാനമായുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ തലവനും ധുബ്രിയിൽ നിന്നുള്ള എം.പിയുമായ മൗലാന ബദ്‌റുദ്ദീൻ അജ്മൽ ഹിമന്ത ശർമയോട് പറഞ്ഞു. മിയ മുസ്‌ലിങ്ങൾ ഗുവാഹത്തിയിൽ മൂന്ന് ദിവസം ജോലി ചെയ്തില്ലെങ്കിൽ ആ പ്രദേശം ശ്മശാനമായി മാറുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘മിയ’ എന്നത് അസമിലെ ബംഗാളി സംസാരിക്കുന്ന അല്ലെങ്കിൽ ബംഗാൾ വംശജരായ മുസ്‌ലിം വിഭാഗം ഉപയോഗിക്കുന്ന ഒരു പദമാണ്.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക്ക് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുമെന്നും അദ്ദേഹത്തിന്റെ സന്ദർശനം അഭിമാനകരമാണെന്നും ഹിമന്ത പറഞ്ഞു. വാങ്ചുക്കിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷക്കും അഭിലാഷത്തിനും കാരണമാകുമെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.
ഭൂട്ടാൻ തങ്ങളുടെ അയൽരാജ്യമാണെന്നും എന്നാൽ ഇതാദ്യമായാണ് ഒരു രാജാവ് സംസ്ഥാനംസന്ദർശിക്കുന്നതെന്നും ഹിമന്ത പറഞ്ഞു. ഇത് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംസ്ഥാന സന്ദർശനങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlight: We don’t want the votes of Mia Muslims; Didn’t even visit medical college because of them: Himanta Biswa Sharma