മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വസിക്കില്ല; പരിക്കേറ്റ കുക്കി തടവുകാരനെ ആശുപത്രിയിലെത്തിക്കാത്തതില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
national news
മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വസിക്കില്ല; പരിക്കേറ്റ കുക്കി തടവുകാരനെ ആശുപത്രിയിലെത്തിക്കാത്തതില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 8:55 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. കുക്കി സമുദായത്തില്‍ പെട്ടയാളായതിനാല്‍ ഒരു വിചാരണ തടവുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാത്ത സംഭവത്തിലാണ് സുപ്രീം കോടതി മണിപ്പൂര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെതാണ് നിരീക്ഷണം. കുക്കി സമുദായത്തില്‍ നിന്നുള്ള ആളായതിനാലാണ് ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാതിരുന്നതെന്നും ആശുപത്രിയിലേക്ക് മാറ്റുന്നത് അപകടകരമാണെന്നും ഉദ്യോദസ്ഥര്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലാണ് മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ അക്രമം റിപ്പോര്‍ട്ട് ചെയ്തത്. അക്രമത്തില്‍ കുറഞ്ഞത് 225 പേര്‍ കൊല്ലപ്പെടുകയും 60,000 പേരെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിചാരണ തുടങ്ങാനിരിക്കുന്ന പ്രതിക്ക് പൈല്‍സും ക്ഷയവും ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബുധനാഴ്ച സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കടുത്ത നടുവേദനയെക്കുറിച്ച് ജയില്‍ അധികൃതരോടും ഇയാള്‍ പരാതിപ്പെട്ടിരുന്നു.

നവംബര്‍ 22ന് ഒരു മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ഇയാളുടെ താഴത്തെ നട്ടെല്ലില്‍ ക്ഷയം കാണുകയും എക്‌സ്‌റേ എടുക്കാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്‌തെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍, അദ്ദേഹം കഴിയുന്ന മണിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മെഡിക്കല്‍ സൗകര്യം ലഭ്യമായിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വാസമില്ലെന്നാണ് സുപ്രീം കോടതി ഇതിന് മറുപടി നല്‍കിയത്. കുക്കി സമുദായത്തില്‍ പെട്ടയാളായതുകൊണ്ടാണ് പ്രതിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത്. ഇത് വളരെ സങ്കടകരമായ കാര്യമാണ്. തുടര്‍ന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി ഉത്തരവിട്ടു.

പ്രതിയെ ഉടന്‍ തന്നെ അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധിക്കാനാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. പ്രതിയുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് ജൂലൈ 15നോ അതിനുമുമ്പോ കോടതിയില്‍ ഹാജരാക്കാനും ബെഞ്ച് ഉത്തരവിട്ടു. പ്രതിയുടെ ചികിത്സാ ചെലവ് സംസ്ഥാനം വഹിക്കണമെന്നും കോടതി അറിയിച്ചു.

Content Highlight: ‘We don’t trust Manipur government’: SC criticises state for not taking Kuki undertrial to hospital