ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്ലാസിൽ മാംസാഹാരം കൊണ്ടുവന്നതിന് ഏഴ് വയസുകാരനെ സസ്‌പെന്റ് ചെയ്‌ത് പ്രധാനാധ്യാപകൻ. ഉത്തർപ്രദേശിലെ അംറോഹയിലെ സ്കൂളിലെ പ്രധാനാധ്യാപകനാണ് നഴ്‌സറി വിദ്യാർത്ഥിയെ സസ്‌പെന്റ് ചെയ്തത്. അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏഴ് വയസുള്ള വിദ്യാർത്ഥി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും മറ്റുള്ള വിദ്യാർത്ഥികളെ ശല്യം ചെയ്‌തെന്നും പ്രധാനാധ്യാപകൻ ആരോപിച്ചു.
തുടർന്ന് കുട്ടിയുടെ മാതാവിനെ വിളിക്കുകയും ക്ഷേത്രങ്ങൾ പൊളിക്കുന്നവരെ തന്റെ വിദ്യാലയത്തിൽ പഠിപ്പിക്കാൻ സാധിക്കില്ലെന്ന് പറയുകയും ചെയ്‌തു. കുട്ടി മറ്റ് വിദ്യാർത്ഥികളെ ശല്യപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ കുറ്റപ്പെടുത്തുന്നതും മറ്റുള്ളവരെ ഇസ്‌ലാമിലേക്ക് മതം മാറ്റുമെന്ന് കുട്ടി പറഞ്ഞതായി അവകാശപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.
സ്‌കൂളിൽ വിദ്യാർത്ഥികൾ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതായി അമ്മ പ്രതികരിച്ചു. തൻ്റെ മകനെ മറ്റൊരു കുട്ടി അടിച്ചതായും അവർ ആരോപിച്ചു. എന്തന്നാൽ കുട്ടിയുടെ അമ്മ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ അധ്യാപകൻ കുട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
തന്റെ കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്ന് അമ്മ പറയുന്നതും കേൾക്കാം. എന്നാൽ അതിന് പകരമായി ‘ ഇത്തരം സംസ്കാരമുള്ള കുട്ടികളെ ഞങ്ങൾ ഇവിടെ പഠിപ്പിക്കില്ല. ഞങ്ങളുടെ ക്ഷേത്രങ്ങൾ തകർക്കുന്ന, സ്‌കൂളിൽ മാംസാഹാരം കൊണ്ടുവരുന്ന, ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാനും രാമക്ഷേത്രം തകർക്കാനും ശ്രമിക്കുന്ന ഇത്തരം കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ ഞങ്ങൾക്ക് താത്പര്യം ഇല്ല,’ പ്രിൻസിപ്പൽ പറയുന്നത് വീഡിയോയിൽ കേൾക്കാം
വീഡിയോ വൈറലായതോടെ ലോക്കൽ പൊലീസ് വിഷയത്തോട് പ്രതികരിക്കുകയും ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് (ഡി.ഐ.എസ്) വിദ്യാലയത്തിൽ എത്തി പരിശോധന നടത്തുകയും നടപടിയെടുക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ഇത്തരം സ്കൂളിൽ തുടർന്ന് പഠിപ്പിക്കില്ലെന്ന് കുട്ടിയുടെ അമ്മയും പ്രതികരിച്ചു.
Content Highlight: We don’t teach students who may demolish temples’: UP school principal suspends 7-year-old