സമകാലിക ഫുട്ബോൾ ലോകത്തെ മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് റയൽ മാഡ്രിഡ് മാനേജരായ കാർലോ ആൻസലോട്ടി.
കഴിഞ്ഞ സീസണിൽ ആൻസലോട്ടിയുടെ ചിറകിലേറിയാണ് റയൽ ലാ ലിഗ ടൈറ്റിലും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയത്.
എന്നാലിപ്പോൾ റയൽ പരിശീലകനായ കാർലോ ആൻസലോട്ടിയുമായുള്ള തന്റെ ബന്ധം അത്ര സുഖകരമായ അവസ്ഥയിലല്ല എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡ് മുന്നേറ്റ നിര താരമായ ഈഡൻ ഹസാഡ്.
ആൻസലോട്ടിക്ക് കീഴിൽ റയലിൽ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാത്ത ഹസാഡ് ഈ സീസണിൽ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമേ റയൽ മാഡ്രിഡ് ജേഴ്സിയണിഞ്ഞിട്ടുള്ളൂ.
അതിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും ക്ലബ്ബിനായി സ്വന്തമാക്കിയ ഹസാഡ് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുന്നതിനായി സാന്റിയാഗോ ബെർണബ്യു വിട്ടേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാലിപ്പോൾ കോച്ചുമായുള്ള തന്റെ ബന്ധം അത്ര ശരിയായ രീതിയിലല്ലെന്നും തങ്ങൾ പരസ്പരം സംസാരിക്കാറുപോലുമില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഏഡൻ ഹസാഡ്.
ആർ.ടി.ബി.എഫിന് നൽകിയ അഭിമുഖത്തിലാണ് ആൻസലോട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഏഡൻ ഹസാഡ് സംസാരിച്ചത്.
“ആൻസലോട്ടിയും ഞാനും തമ്മിൽ ഒരു ബഹുമാനം നിലനിൽക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട് എന്ന് അതിനർത്ഥമില്ല.
പക്ഷെ ഒരു ബഹുമാനം നിലനിൽക്കുന്നുണ്ട്. അദ്ദേഹം ഫുട്ബോളിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളുടെ പേരിലാണ് ആൻസലോട്ടിയെ ഞാൻ ബഹുമാനിക്കുന്നത്,’ ഹസാഡ് പറഞ്ഞു.
2024 വരെയാണ് ഹസാഡിന് റയലിൽ കരാറുള്ളത്. ഇനിയും റയലിൽ തന്നെ കളിക്കാൻ താൽപര്യമുണ്ട് എന്ന് തുറന്ന് പറഞ്ഞ താരത്തിന് പക്ഷെ ക്ലബ്ബിൽ അവസരങ്ങൾ കുറയുകയാണെങ്കിൽ തന്റെ തീരുമാനം മാറ്റേണ്ടി വരും.