ന്യൂയോര്‍ക്ക്: ജനാധിപത്യത്തിന്റെ കാര്യത്തില്‍ എന്തുചെയ്യണമെന്ന് ഇന്ത്യയോട് പറയേണ്ടതില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.
യു.എന്‍ രക്ഷാസമിതിയുടെ ഡിസംബര്‍ മാസത്തെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാനിത് പറയാന്‍ ആഗ്രഹിക്കുന്നു, ജനാധിപത്യത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഞങ്ങളോട് പറയേണ്ട ആവശ്യമില്ല,’ എന്നാണ് ഇന്ത്യയിലെ ജനാധിപത്യത്തിനേയും മതസ്വാതന്ത്യത്തെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രുചിര കാംബോജ് പറഞ്ഞത്.
‘നിങ്ങള്‍ക്കെല്ലാം അറിയാവുന്നത് പോലെ ലോകത്തിലെ ഏറ്റവും പുരാതനമായ സിവിലൈസേഷനാണ് ഇന്ത്യയുടേത്. ഇന്ത്യയില് ജനാധിപത്യത്തിന് 2500 വര്‍ഷം പഴക്കമുണ്ട്. ഞങ്ങള്‍ എല്ലാകാലത്തും ജനാധിപത്യ രാജ്യമായിരുന്നു.
ജനാധിപത്യത്തിന്റെ നാല് തൂണുകളും ശക്തമായി തന്നെ ഇന്ത്യയിലുണ്ട്. നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം, മാധ്യമങ്ങള്‍ എന്നിവ ജനാധ്യപത്യത്തിന്റെ തൂണുകളാണ്. കൂടാതെ സമൂഹ മാധ്യമങ്ങളും സജീവമാണ്. അതിനാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്.
എല്ലാ അഞ്ച് വര്‍ഷങ്ങളും കൂടുമ്പോള്‍ ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രവര്‍ത്തി നിര്‍വഹിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സംസാരിക്കാന്‍ സ്വാതന്ത്യമുണ്ട്. അങ്ങനെയാണ് ഞങ്ങളുടെ രാജ്യം പ്രവര്‍ത്തിക്കുന്നത്.
അത് അതിവേഗം പരിഷ്‌കരിക്കുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു. അതിനാല്‍ എനിക്കിതൊന്നും നിങ്ങളോട് ബോധിപ്പിക്കേണ്ടതില്ല, നിങ്ങളെന്നെ കേള്‍ക്കേണ്ടതുമില്ല, എല്ലാവര്‍ക്കു അറിയുന്ന കാര്യമാണിതെല്ലാം,’ കാംബോജി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ഡിസംബര്‍ മാസത്തേക്കുള്ള യു.എന്‍ സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്. യു.എന്നിലെ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥിരം പ്രതിനിധിയാണ് രുചിര കാംബോജ്.