തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജീവ് ചന്ദ്രശേഖര്‍ മുണ്ട് ഉടുത്താലും മടക്കിക്കുത്തിയാലും അതഴിച്ച് തലയില്‍ കെട്ടിയാലും തങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.
അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞ് കൊടുത്ത പി.ആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞുകാണുമെന്നും അവര്‍ പറഞ്ഞ് കൊടുത്തത് അദ്ദേഹം പറഞ്ഞതെങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലൂസിഫര്‍ സിനിമയില്‍ പറയുന്നതിന് നേരെ എതിരായാണ് അദ്ദേഹം പറയുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. തെറി പറയണമെങ്കില്‍ അദ്ദേഹം പറഞ്ഞോട്ടെയും അദ്ദേഹത്തെ പഴയ ബി.ജെ.പിക്കാര്‍ തെറി പറയുന്നുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അഞ്ച് കൊല്ലം മന്ത്രിയായിരുന്നിട്ടും കേരളത്തിന് വേണ്ടി അദ്ദേഹം എന്താണ് ചെയ്തതെന്നും എങ്ങനെയാണ് രാജ്യസഭ മെമ്പറായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തെ കുറിച്ചോ കേരള രാഷ്ട്രീയത്തെ കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചോ കേരളത്തിലെ വഴികളെ കുറിച്ചോ അദ്ദേഹത്തിന് അറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന് മലയാളവും കേരള രാഷ്ട്രീയവുമറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രതികരിച്ചത്. ലൂസിഫറിലെ മാസ് ഡയലോഗിനൊപ്പമായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ മറുപടി.
തനിക്ക് മലയാളം അറിയില്ല എന്ന് ചിലര്‍ പറയുന്നുണ്ടെന്നും എന്നാല്‍ താന്‍ തൃശൂരില്‍ പഠിച്ച് വളര്‍ന്ന ആളാണന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.
രാജ്യം മൊത്തം നാഷണല്‍ സര്‍വീസ് ചെയ്തൊരു വ്യോമസേന പട്ടാളക്കാരന്റെ മകനാണ് താനെന്നും തനിക്ക് മുണ്ട് ഉടുക്കാനുമറിയാം വേണമെങ്കില്‍ അത് മടക്കി കുത്തിവെക്കാനുമറിയാമെന്നും രാജീവ് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് മലയാളത്തില്‍ സംസാരിക്കാനുമറിയാം, മലയാളത്തില്‍ തെറി പറയാനുമറിയാമെന്ന ലൂസിഫറിലെ ടൊവിനോയുടെ കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്തായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രസംഗം.
ജനങ്ങളോട് വികസന സന്ദേശം മലയാളത്തില്‍ പറയാനും തനിക്കറിയാമെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നും താന്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നോ സി.പി.ഐ.എമ്മില്‍ നിന്നോ അല്ലെന്നും മറിച്ച് ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ട് വരാനും അതിന് വേണ്ടി അധികാരം പിടിച്ചില്ലെങ്കില്‍ താനിനി മടങ്ങി പോകില്ല എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഇന്ത്യ പാക്കിസ്ഥാന്‍ മറുപടി കൊടുക്കുന്നതില്‍ വി. ഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശത്തില്‍ രാജീവ് ചന്ദ്രശേഖരന് കേരളം എന്താണെന്നും ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നും തിരിച്ചറിവില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് മനസിലാക്കാന്‍ അദ്ദേഹത്തിന് മലയാളം അറിയില്ലെന്നും വി.ഡി സതീശന്‍ ബി.ജെ.പി അധ്യക്ഷനെക്കുറിച്ച് പറഞ്ഞിരുന്നു.
Content Highlight: We don’t mind if Rajeev Chandrasekhar wears a turban, folds it, or ties it on his head; V.D. Satheesan responds