മുംബൈ: മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ കഴിയുന്ന എം.എല്‍.എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് തടഞ്ഞ സംഭവം വിവാദമായിരുന്നു.
വധഭീഷണിയുണ്ടെന്ന വിമത എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ തടഞ്ഞതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
എന്നാല്‍ ശിവകുമാറിനെ കാണേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിമത എം.എല്‍.എ ബി. ബസവരാജ്.
ഡി.കെ ശിവകുമാറിന്റെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല അത് ചെയ്തതല്ലെന്നും മാത്രമല്ല അദ്ദേഹത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ബി .ബസവരാജ് പറഞ്ഞു.
സൗഹൃദവും സ്‌നേഹവും അടുപ്പവും എല്ലാം ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തോടുള്ള എല്ലാ ആദരവും മുന്‍നിര്‍ത്തി ഞങ്ങളെ മനസിലാക്കണമെന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്. ഞങ്ങള്‍ അത്തരമൊരു തീരുമാനമെടുത്തതിന് പിന്നില്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ട്. – എന്നായിരുന്നു ബസവരാജ് പറഞ്ഞത്.
ഡി.കെ ശിവകുമാറിനെ കാണാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ബി.ജെ.പിയുടെ ഒരു നേതാക്കളും തങ്ങളെ കാണാന്‍ ഇവിടെ എത്തിയിട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ തന്നെ വിമത നേതാവായ രമേഷ് ജാര്‍ക്കോളി പ്രതികരിച്ചത്.