ന്യൂദല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന് മറുപടിയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷത്തുനിന്നും മികച്ച ഗുസ്തിക്കാരനില്ലെന്നായിരുന്നു
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശം. അതിന് മറുപടിയായി ആരും കുട്ടികളോട് മത്സരിക്കില്ലെന്നായിരുന്നു ശരത് പവാറിന്റെ മറുപടി. ബീഡ് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ശരത് പവാര്‍.
‘തങ്ങളുടെ ഗുസ്തിക്കാരന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്, പക്ഷെ പ്രതിപക്ഷത്തു നിന്നും നല്ല ഗുസ്തിക്കാരൊന്നുമില്ല.
മഹാരാഷ്ട്രയില്‍ സ്റ്റേറ്റ് റെസ്ലിംഗ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടനയുണ്ടെന്നും അതിന്റെ പ്രസിഡന്റിന്റെ പേര് ശരത് പവാര്‍ എന്നാണെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശം.
എന്നാല്‍ തനിക്ക് കുട്ടികളോട് മത്സരിക്കേണ്ടതില്ല. ഞാന്‍ എല്ലാ ഗുസ്തിക്കാരുടേയും പിറകിലാണ് നില്‍ക്കുന്നതെന്നുമായിരുന്നു ശരത് പവാറിന്റെ പരാമര്‍ശം.
മഹാരാഷ്ട്രയില്‍ പോരാട്ടം നടക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നതെന്നും ശരത് പവാര്‍ ചോദിച്ചു.
288 നിയമസഭാ സീറ്റിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 നാണ് നടക്കുന്നത്. ശിവസേന 124 സീറ്റിലും ബി.ജെ.പി 150 സീറ്റിലും മത്സരിക്കാനാണ് ധാരണ. 14 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളും മത്സരിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേനയും ബി.ജെ.പിയും സഖ്യം അവസാനിപ്പിച്ചിരുന്നു. പിന്നീട് ഫലം വന്നതിന് വീണ്ടും ഒന്നിക്കുകയായിരുന്നു. കോണ്‍ഗ്രസും എന്‍.സി.പിയും സംസ്ഥാനത്ത് ഒന്നിച്ചാണ് മത്സരിക്കുന്നത്.