കഴിഞ്ഞ ദിവസമായിരുന്നു 2022 കലണ്ടർ വർഷത്തിലെ മികച്ച ഫുട്ബോൾ താരങ്ങൾക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
അർജന്റീനയുടെ ആധിപത്യമായിരുന്നു പുരസ്‌കാരങ്ങളിൽ കാണാൻ സാധിച്ചിരുന്നത്. മികച്ച പുരുഷ താരം, പുരുഷ ടീം പരിശീലകൻ, മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച ആരാധക കൂട്ടം തുടങ്ങി നിരവധി നേട്ടങ്ങളാണ് അർജന്റീനയിലേക്ക് എത്തിയത്. എന്നാൽ ക്ലബ്ബ് തലത്തിലെ ഒരു പുരസ്കാരവും റയൽ മാഡ്രിഡിന് ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വർഷത്തെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടും ക്ലബ്ബിന് പുരസ്‌കാരങ്ങളൊന്നും ലഭിക്കാത്തതിൽ ആരാധകരും നിരാശയിലായിരുന്നു.
കൂടാതെ റയൽ താരങ്ങളായ കരിം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ എന്നിവർക്കും ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
എന്നാലിപ്പോൾ ഫിഫ ദ ബെസ്റ്റിലെ പുരസ്കാരങ്ങൾക്കൊന്നും തങ്ങൾ പ്രാധാന്യം നൽകുന്നില്ലെന്നും അതിലൊന്നും ഒരു കാര്യവുമില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി.
മാഡ്രിഡ് എക്സ്ട്രാക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആൻസലോട്ടിയുടെ പരാമർശം.
“ഫിഫ ദ ബെസ്റ്റോ? ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. അതിനൊന്നും ഒരു പ്രാധാന്യവുമില്ല. ലോകകപ്പിന് അവർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
അതിനാലാണ് മെസിക്കും മാർട്ടീനെസിനും സ്കലോണിക്കുമൊക്കെ പുരസ്കാരങ്ങൾ നൽകിയത്. എന്തായാലും അവർക്ക് അഭിനന്ദനങ്ങൾ,’ ആൻസലോട്ടി പറഞ്ഞു.
അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 59 പോയിന്റോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
കോപ്പാ ഡെൽ റേയിൽ മാർച്ച് മൂന്നിന് ബാഴ്സലോണക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:We don’t care about it” – Carlo Ancelotti claims FIFA The Best awards are ‘not important’