രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ല; കത്ത് മറ്റാരോ തയ്യാറാക്കിയത്: വാദം തള്ളി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍
ന്യൂദല്‍ഹി: രാജ്യത്തിന്റെ സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ലെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. മുന്‍ ആര്‍മി ചീഫ് ജനറല്‍ എസ്.ജി റോഡ്രിഗസും മുന്‍ എയര്‍ഫോഴ്‌സ് ചീഫ് എന്‍.സി സുരിയുമാണ് ഇത്തരമൊരു കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അത്തരമൊരു കത്തില്‍ തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഇവരുടെ പ്രതികരണം.
” ഇത് അഡ്മിറല്‍ രാംദാസ് അയച്ച കത്തല്ല. ഇത് മേജര്‍ ചൗധരിയെന്ന പേരില്‍ തയ്യാറാക്കിയ കത്താണ്. വാട്‌സ് ആപ്പിലും മെയിലിലും ഈ കത്ത് ലഭിച്ചിരുന്നു. ”- എയര്‍ഫോഴ്‌സ് ചീഫ് എന്‍.സി സുരി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
” ഈ കത്ത് എന്റെ സമ്മതത്തോടെ എഴുതിയതല്ല. അതില്‍ എഴുതിയിരിക്കുന്ന കാര്യത്തോട് യോജിപ്പുമില്ല. ഞങ്ങളുടേതാണെന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്.”- അദ്ദേഹം പറഞ്ഞു.
42 വര്‍ഷത്തിനിടെയുള്ള സൈനിക ജീവിതത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവം കാണിച്ചില്ല. രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. വ്യാജ വാര്‍ത്തയാണ്’- ജനറല്‍ എസ്.എഫ് റോഡ്രിഗോസ് പ്രതികരിച്ചു.
സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്തയച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എട്ടു മുന്‍ സൈനിക മേധാവികളടക്കം വിരമിച്ച 156 സൈനിക ഉദ്യോഗസ്ഥരാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നത്.
സൈനിക ഓപ്പറേഷനുകള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അസാധാരണമാണ്. സൈന്യത്തെ മോദിജീ കി സേന എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതും അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പ്രചാരണ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതിനെതിരെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
അതിര്‍ത്തികടന്നുള്ള സൈനികനീക്കങ്ങളുടെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ മുമ്പെങ്ങുമില്ലാത്ത വിധം അവകാശവാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കത്തില്‍ പറയുന്നത്. ഇന്ത്യന്‍ സൈന്യത്തെ ‘മോദിജിയുടെ സേന’ എന്നു വിശേഷിപ്പിച്ചതിനെയും കത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മുന്‍ കരസേനാ മേധാവിമാരായിരുന്ന ജനറല്‍(റിട്ട) എസ്.എഫ്. റോഡ്രിഗസ്, ജനറല്‍(റിട്ട) ശങ്കര്‍ റോയ് ചൗധരി, ജനറല്‍(റിട്ട) ദീപക് കപൂര്‍, മുന്‍ വ്യോമസേനാ മേധാവി എന്‍.സി. സൂരി, നാല് നാവിക സേനാ മേധാവിമാര്‍ തുടങ്ങിയവരുടെ ഒപ്പായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.