ബെംഗളൂരു: വിമത എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരിക്കുകയാണ് കര്‍ണ്ണാടക രാഷ്ട്രീയം.
10 കോണ്‍ഗ്രസ് എം.എല്‍. എമാരും 3 ജെ.ഡി.എസ് എം.എല്‍ എ മാരുമാണ് രാജി സമര്‍പ്പിച്ചത്. എന്നാല്‍ രാജി നല്‍കിയ നിയമസഭാംഗങ്ങള്‍ ഗോവയിലേക്കോ പൂനെയിലേക്കോ പോയില്ലെന്നും അത്തരം വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വിമത എം.എല്‍.എ ബി.സി പാട്ടീല്‍.
”ഞങ്ങള്‍ പൂനെയിലേക്കോ ഗോവയിലേക്കോ പോയില്ല. ഇതെല്ലാം കിംവദന്തികളാണ്, ”അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം ആര്‍ക്കും തന്നെ ബി.ജെ.പിയില്‍ നിന്ന് ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും അത്തരം അവകാശവാദങ്ങളെല്ലാം തികച്ചും തെറ്റാണെന്നും പറഞ്ഞു.
പാട്ടീലിന്റെ രാജി കര്‍ണ്ണാടക സ്പീക്കര്‍ നിരസിച്ചിരുന്നു. എം.എല്‍.എമാരുടെ രാജി അംഗീകരിക്കണമെങ്കില്‍ രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ നേരിട്ട് വരണമെന്നായിരുന്നു സ്പീക്കറുടെ നിര്‍ദേശം.
ഇതോടൊപ്പം പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
അഞ്ച് എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ മാത്രമേ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചതായുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.