രാജീവ് ഗാന്ധിയെ വധിച്ചത് തങ്ങളല്ലെന്ന് എല്‍.ടി.ടി.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബൊ: രാജീവ് ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എല്‍.ടി.ടി.ഇ. സംഘടന പുറത്തു വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. എല്‍.ടി.ടി.ഇ പൊളിറ്റിക്കല്‍ വിങ് പ്രതിനിധി കുര്‍ബുരന്‍ ഗോസ്വാമി, ലീഗല്‍ വിങ് പ്രതിനിധി ലതന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പിട്ടാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഒരു ഇന്ത്യന്‍ നേതാവിനെയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നില്ല. രാജീവ് ഗാന്ധിയുടെ കൊലപാതകം ദുരന്തമായിരുന്നുവെന്ന് വേലുപ്പിള്ള പ്രഭാകരന്‍ പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം രാജീവ്ഗാന്ധിയും എല്‍.ടി.ടി.ഇയുമായി രഹസ്യബന്ധം ഉണ്ടാക്കിയിരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരും മറ്റു രാജ്യങ്ങളും ചേര്‍ന്നാണ് എല്‍.ടി.ടി.ഇയെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. ഈ കുപ്രചരണം തങ്ങളുടെ ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. മുള്ളിവൈക്കലില്‍ കൊല്ലപ്പെട്ട 1,50 000 പേര്‍ക്ക് രാജീവ്ഗാന്ധിയുടെ ജീവന്റെയത്ര വില പോലുമില്ലെന്ന് വരെ പ്രചരണമുണ്ടായെന്നും പ്രസ്താവന പറയുന്നു.

ഇന്ത്യയും എല്‍.ടി.ടി.ഇയും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നു രാജീവ് ഗാന്ധി വധമെന്നും പ്രസ്താവന ആരോപിക്കുന്നു.

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്നുള്ള ആവശ്യം ശക്തമാവുന്നതിനിടെയാണ് കൊലപാതകത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് തള്ളിക്കൊണ്ട് എല്‍.ടി.ടി.ഇ
രംഗത്ത് വന്നിരിക്കുന്നത്.