ഫൈസാബാദ്: 17 മിനുട്ട് കൊണ്ടാണ് തങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തതെന്നും അതുകൊണ്ട് ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ എത്ര സമയം വേണമെന്നും ശിവസേന നേതാവ് സഞ്ജയ് റൗട്ട്. നിയമനിര്‍മ്മാണത്തിന് എത്ര സമയമാണ് വേണ്ടത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഉത്തര്‍പ്രദേശ് വരെ ബി.ജെ.പിയാണ് ഭരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്ത് സമാധാനത്തോടെ ജീവിക്കില്ലെന്നും റൗട്ട് പറഞ്ഞു.
ശനിയാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് അയോധ്യയില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പരിപാടി നടത്തുന്നുണ്ട്. പിറ്റേദിവസം 2 ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് അവകാശവാദമുന്നയിച്ച് വി.എച്ച്.പിയും പ്രതിഷേധം നടത്തുന്നുണ്ട് ധര്‍മ്മ സന്‍സദ് എന്ന പേരിലാണ് വി.എച്ച്.പിയുടെ പരിപാടി.
സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളുടെ പശ്ചാത്തലത്തില്‍ ഫൈസാബാദും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
1992ലെ ബാബരിമസ്ജിദ് ധ്വംസനത്തിന് ശേഷം ഇത്രയധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോധ്യയില്‍ കേന്ദ്രീകരിക്കുന്നത് ആദ്യമായാണ്. നവംബര്‍ 25ന് 1992 ആവര്‍ത്തിക്കുമെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എയായ സുരേന്ദ്ര സിങ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.