ജയ്പൂര്‍: മുസ്‌ലീം ആയത് കൊണ്ടാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് അഫ്റാസുല്‍ ഖാന്റെ ഭാര്യ ഗുല്‍ബഹാര്‍ ബീവി. അദ്ദേഹത്തെ കൊന്നത് മൃഗത്തിനെപ്പോലെയാണെന്നും അത് പ്രചരിപ്പിച്ച പ്രതികളെ തൂക്കിലേറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അഹ്റാസുല്‍ ഖാന്‍ രാജസ്ഥാനില്‍ വെച്ചാണ് ലൗവ് ജിഹാദ് ആരോപിച്ച് പൈശാചികമായി കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം പ്രതികള്‍ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
“ചൊവ്വാഴ്ച പിതാവിനോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാ ദിവസവും ഞങ്ങളെ വിളിക്കാറുണ്ട്. ലൗവ് ജിഹാദ് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. അദ്ദേഹത്തിന് പേരക്കുട്ടികളുണ്ട്്. തീ കൊളുത്തുന്നതിന് മുന്‍പ് മൃഗത്തെ പോലെയാണ് അവര്‍ അദ്ദേഹത്തെ വെട്ടിയരിഞ്ഞത്. ഇങ്ങനെ ചെയ്ത അവരേയും ഇതേപോലെ ചെയ്യണം. വീഡിയോ ഞാനും കണ്ടിരുന്നു. നിസ്സഹായനായി കരയുന്ന പിതാവിനെ അവര്‍ കൊല്ലുന്നതാണ് കണ്ടത്.” മകള്‍ റജീന ഖാത്തൂന്‍ പറയുന്നു. തങ്ങള്‍ക്ക് നീതി വേണമെന്നും മകള്‍ ആശ്യപ്പട്ടു.
മൂന്ന് പെണ്‍മക്കളുടെ പിതാവായ അഫ്രാസുല്‍ ഈ മാസം അവസാനം ഇളയ മകളുടെ വിവാഹത്തിനായി വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. 12 വര്‍ഷങ്ങളായി ഇദ്ദേഹം രാജസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്ന അഫ്‌റാസുല്‍ രണ്ട് മാസം കൂടുമ്പോഴാണ് വീട്ടില്‍ വരാറ്. ബംഗാളില്‍ ഒരു ചെറിയ പ്ളോട്ട് മാത്രമാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളതെന്നും കുടുംബം പറയുന്നു.
“പ്രമുഖരായവര്‍ ഉള്‍പ്പടെ ഗൂഢാലോചന ചെയ്ത ഇങ്ങനെ ചെയ്താല്‍ ഒരു തൊഴിലാളിക്ക് എന്ത് ചെയ്യാനാകും. ഇത്തരം കുറ്റകൃത്യത്തെ സോഷ്യല്‍മീഡിയയിലുടെ പ്രചരിച്ചതില്‍ നിന്നും മനസ്സിലാകുന്നത് സംഭവത്തിന് പിന്നില്‍ സ്വാധീനമുള്ള ആളുകള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നാണ്. തങ്ങളുടെ ബന്ധുക്കള്‍ ഇപ്പോള്‍ രാജസ്ഥാന്‍ പൊലീസ് സ്റ്റേഷനിലാണെന്നും അഫ്‌റാസുല്‍ഖാന്റെ മരുമകള്‍ സീനത്ത് ഖാന്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് രാജസ്ഥാന്‍ പൊലീസ് ഗുല്‍ബഹാര്‍ ബീവിയെ അഹ്റാസുലിന്റെ മരണ വിവരം അറിയിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിരവധി ആളുകളാണ് അഫ്‌റാസുലിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളറിയുന്ന അഫ്രാസുല്‍ ഒരു തെറ്റും ചെയ്യില്ലെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
എനിക്ക് അവനെ വര്‍ഷങ്ങളായി അറിയാം. അവന്റെ പേരില്‍ ഒരു തെറ്റ് പോലും പറയാനില്ല. അദ്ദേഹം മാന്യനും ദൈവഭയമുള്ള ആളുമായിരുന്നു, എന്ന് അയല്‍ക്കാരിയായ ജ്യൂല്‍ ചൗധരി പറഞ്ഞു. മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിലെ ഏകവരുമാന മാര്‍ഗമാണ് അഫ്‌റാസുല്‍. ഇളയ മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.