| Monday, 4th November 2019, 9:20 pm

'എങ്ങനെയാണു താരങ്ങളോട് ഇങ്ങനെ ചെയ്യാനാവുക?'; ബി.സി.സി.ഐ സെലക്ടര്‍മാര്‍ക്ക് യുവ്‌രാജ് സിങ്ങിന്റെ രൂക്ഷവിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ചു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിങ്. ഇന്ത്യക്കു മികച്ച സെലക്ടര്‍മാരെ ആവശ്യമുണ്ടെന്നും നിലവിലെ കമ്മിറ്റിയിലുള്ളവര്‍ ആധുനിക ക്രിക്കറ്റിനു യോജിച്ചവരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്കു മികച്ച സെലക്ടര്‍മാരെ വേണം, ഉറപ്പായിട്ടും. സെലക്ടര്‍മാരുടെ ജോലി അത്ര എളുപ്പമല്ല. അവരെപ്പോഴാണോ 15 കളിക്കാരെ തെരഞ്ഞെടുക്കുക, അപ്പോള്‍ വേറെ 15 പേരുമായി സംസാരിക്കണം. ഇതൊരു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്.’- മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പന്ത് പറഞ്ഞു.

കളിക്കാരെ സംരക്ഷിക്കുന്നതിനും അവര്‍ക്കു നല്ലതു വരുന്നതിനും നിലകൊണ്ടയാളാണു ഞാന്‍. ടീമിനെക്കുറിച്ചും കളിക്കാരെക്കുറിച്ചും മോശമായി സംസാരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ചും യുവി വാചാലനായി. ‘ഇതിനിടയ്ക്ക് നിങ്ങളുടെ വിജയ് ശങ്കര്‍ വന്നിരുന്നല്ലോ. ഇപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായി. നിങ്ങള്‍ അയാളെ കളിപ്പിച്ചു. പിന്നെ അയാളെ മാറ്റി.

എങ്ങനെയാണു താരങ്ങളോട് ഇങ്ങനെ ചെയ്യാനാവുക? മൂന്നോ നാലോ ഇന്നിങ്‌സുകള്‍ നല്‍കി ഒരു താരത്തെ ഉണ്ടാക്കാനാകില്ല. ദീര്‍ഘനാള്‍ ഒരാള്‍ക്കു നല്‍കണം.’- യുവി പറഞ്ഞു.

മോശം ഫോം തുടരുന്ന ഋഷഭ് പന്തിനെ അനുകൂലിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘അദ്ദേഹം (പന്ത്) ആശങ്കാകുലനാണെന്ന് എനിക്കു തോന്നുന്നില്ല. ബാറ്റ് ചെയ്യണോ സ്‌ട്രൈക്ക് കൈമാറണോ എന്ന കാര്യത്തിലാണ് അദ്ദേഹത്തിന് ആശങ്ക ചെറുതായെങ്കിലുമുള്ളത്.

ഇന്നലെ രാത്രി അദ്ദേഹം ഓരോ ബോളിലും ഒരു റണ്‍ എന്ന രീതിയിലെടുത്താണ് ഔട്ടായത്. അയാള്‍ എട്ടോ പത്തോ ഏകദിനങ്ങള്‍ മാത്രമാണു കളിച്ചിട്ടുള്ളത്. അതുകൊണ്ടു നിങ്ങള്‍ കുറച്ചുകൂടി സമയം അയാള്‍ക്കു നല്‍കണം.

അയാളെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നൊഴിവാക്കിയത് അത്ര നല്ല കാര്യമല്ല. വിദേശത്ത് രണ്ട് അന്താരാഷ്ട്ര സെഞ്ചുറികളും വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് തൊണ്ണൂറുകളും നേടിയ താരത്തെ എങ്ങനെ പുറത്തിരുത്തും? എനിക്കു മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ കീപ്പിങ്ങാണ് ആശങ്കയെങ്കില്‍ അതു മാറ്റാന്‍ അദ്ദേഹം വളര്‍ത്തിയെടുക്കണം.’- യുവി പറഞ്ഞു.

ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗുകളില്‍ നിന്നു വിരമിച്ചിരുന്നെങ്കിലും, നവംബര്‍ 15-നു തുടങ്ങുന്ന അബുദാബി ടി10 ലീഗില്‍ യുവി കളിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more