| Thursday, 19th December 2024, 9:33 am

ഗസയിലെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല; 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രഈലിനോട് മത്സരിക്കാനില്ലെന്ന് നോര്‍വെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്ലോ: വരാനിരിക്കുന്ന 2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളില്‍ ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനോട് മത്സരിക്കാനില്ലെന്ന് അറിയിച്ച്‌ നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.

ഗസയിലെ ജനങ്ങളോടുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ 2026 യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇസ്രഈലിനെതിരെ മത്സരിക്കില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

2026 ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ഒരേ ഗ്രൂപ്പാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇസ്രഈലിനെതിരായ യോഗ്യത മത്സരം കളിച്ചതിന് ശേഷമാണ് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് ഇക്കാര്യം അറിയിച്ചത്.

‘ഇസ്രഈലിന് തക്കതായ ശിക്ഷകള്‍ നല്‍കാന്‍ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോഡികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇസ്രഈലിനെതിരെ മത്സരിക്കാതെ നോര്‍വീജിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്തുണയ്ക്കുകയാണ്.

കൂടാതെ ഗസയിലെ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഗസയില്‍ എന്താണ് സംഭവിക്കുന്നത്? സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രലിന്റെ ആക്രമണങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും നിസംഗത പാലിക്കാന്‍ കഴിയില്ല,’ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഗസയിലെ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കാനുള്ള നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ആഹ്വാനത്തെ ഫുട്‌ബോള്‍ ടീം പിന്തുണയ്ക്കുന്നതായും ക്ലേവ്‌നെസ് വ്യക്തമാക്കി. അന്താരാഷ്ട്ര വേദികളില്‍ ഇസ്രഈല്‍ ഭരണകൂടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഹ്വാനങ്ങളില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സജീവമായി ഇടപെടല്‍ നടത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇസ്രഈല്‍ ഇപ്പോഴും യുവേഫ (യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ്‌) മത്സരങ്ങളുടെ ഭാഗമാണ്. ഞങ്ങള്‍ ഈ വിഷയം പരിശോധിച്ച് വരികയാണ്. ഫിഫ, യുവേഫ, നോര്‍വീജിയന്‍ ഭരണകൂടം എന്നിവരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്,’ ക്ലേവ്‌നെസ് പറഞ്ഞു.

2026 മാര്‍ച്ച് 25നും ഒക്ടോബര്‍ 11നുമാണ് ഇസ്രഈലും നോര്‍വെയും തമ്മിലുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. അന്താരാഷ്ട്രസമൂഹത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് പലപ്പോഴും നോര്‍വെ സ്വീകരിച്ചിരുന്നത്.

1967ന് മുമ്പുള്ള അതിര്‍ത്തികളെ അടിസ്ഥാനമാക്കി നോര്‍വെ ഔപചാരികമായി ഫലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിച്ചിരുന്നു. ഗസയിലെ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് നോര്‍വെ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു. അതിനാല്‍ തന്നെ നോര്‍വെയും ഇസ്രഈും തമ്മിലുള്ള ബന്ധം  വഷളായിക്കൊണ്ടിരിക്കുകയാണ്.

Content Highlight: We cannot pretend not to see the people of Gaza; Norway will not compete with Israel in the 2026 World Cup qualifiers

We use cookies to give you the best possible experience. Learn more