ഛണ്ഡിഗഡ്: ഹരിയാനയിലെ വര്‍ഗീയ കലാപത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍. സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പൊലീസിനോ സൈന്യത്തിനോ പോലും ഇക്കാര്യത്തില്‍ ഒരുറപ്പും നല്‍കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും ഞങ്ങള്‍ക്ക് സംരക്ഷിക്കാനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പൊലീസിനോ സൈന്യത്തിനോ പോലും ഇതില്‍ ഉറപ്പുനല്‍കാനാകില്ല. എല്ലാവരെയും ഞങ്ങള്‍ക്ക് സംരക്ഷിക്കാനാകില്ല,’ മനോഹര്‍ ലാല്‍ ഘട്ടാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 166 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 199 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന് സര്‍ക്കാര്‍ 57 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ വസ്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കലാപകാരികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കപ്പെട്ടാല്‍ മാത്രമേ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളൂ. സ്വകാര്യ സ്വത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമത്തെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഘര്‍ഷത്തെ കുറിച്ചും മോനു മനേസറിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് മേധാവി പി.കെ.അഗര്‍വാളും വ്യക്തമാക്കി.
ഹരിയാനയിലെ നൂഹില്‍ വി.എച്ച്.പിയും ബജ്‌റംദളും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ യാത്രയിലുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഘോഷയാത്രക്കെതിരെ കല്ലേറും വെടിവെപ്പും ഉണ്ടായി. കാറുകള്‍ കത്തിനശിപ്പിക്കപ്പെട്ടു. 2500ഓളം ആളുകള്‍ അമ്പലത്തിനുള്ളില്‍ അഭയം തേടി. തിങ്കളാഴ്ച പള്ളിക്ക് നേരെ ആക്രമണം ഉണ്ടാകുകയും പുരോഹിതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
നൂഹിലെ അക്രമ വാര്‍ത്ത പ്രചരിച്ചതോടെ തൊട്ടടുത്ത ഗുരുഗ്രാം ജില്ലയിലെ സോഹ്‌നയില്‍ ആള്‍ക്കൂട്ടം നാല് വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്ക് നശിപ്പിക്കുകയും ചെയ്തു.
Content Highlights: We can’t protect everyone chief minister over communal clash in hariyana