'ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല'; ഇന്ത്യയുടെ പേര് മാറ്റണമെന്ന ഹരജി തള്ളി സുപ്രീം കോടതി
India
'ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല'; ഇന്ത്യയുടെ പേര് മാറ്റണമെന്ന ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd June 2020, 3:15 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഇന്ത്യ നിലവില്‍ ഭാരത് എന്നാണ് അറിയപ്പെടുന്നത്. ഭരണഘടനയിലും അങ്ങനെ തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പേരുമാറ്റത്തിനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാന്‍ ഇല്ലെന്നും ബോബ്‌ഡെ പറഞ്ഞു.

സമാനമായ ആവശ്യവുമായി 2016 ലും സുപ്രിം കോടതിയില്‍ ഹരജിയെത്തിയിരുന്നു. എന്നാല്‍ അന്നും കോടതി ആവശ്യം തള്ളുകയാണുണ്ടായത്. ദല്‍ഹി സ്വദേശിയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.

‘ഭാരത്’ എന്ന പേര് നല്‍കുന്നതോടെ രാജ്യത്തെ പൗരന്മാര്‍ക്ക് കൊളോണിയല്‍ ഭൂതകാലത്തെ മറികടന്ന് അവരുടെ ദേശീയതയില്‍ അഭിമാനബോധം വളര്‍ത്താന്‍ സഹായിക്കുമെന്നായിരുന്നു ഹരജിക്കാരന്‍ അവകാശപ്പെട്ടത്.

രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചുപോകുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പേരും മാറ്റണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് പേരുമാറ്റണം എന്നായിരുന്നു ആവശ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക