യുവേഫ യൂറോപ്പ ലീഗിലെ ആവേശകരമായ ആദ്യ പാദ ക്വാളിഫയർ മത്സരത്തിൽ ബാഴ്സലോണ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. ബാഴ്സലോണക്കായി മാർക്കോസ് അലോൻസോ, റാഫീഞ്ഞ്യാ എന്നിവർ ഗോളുകൾ സ്കോർ ചെയ്തപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി റാഷ്ഫോർഡ് ഗോൾ നേടി. ഒരു ഗോൾ ജൂലസ് കോണ്ടെയുടെ സെൽഫ് ഗോൾ ആയിരുന്നു.
മുഴുവൻ സമയവും അടിമുടി ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇനി യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിൽ നടക്കുന്ന മത്സരമാണ് ഏത് ടീം യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ കളിക്കണമെന്നത് തീരുമാനിക്കുക.
എന്നാലിപ്പോൾ ഫെബ്രുവരി 24ന് തങ്ങളുടെ തട്ടകത്തിൽ എത്തുന്ന ബാഴ്സലോണയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ് ഫോർവേഡ് താരമായ മാർക്കസ് റാഷ്ഫോർഡ്.
മത്സര ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ക്യാമ്പ്ന്യൂവിലെ റിസൽട്ട് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും രണ്ടാം പാദ മത്സരത്തിൽ ബാഴ്സക്ക് വേദനിക്കേണ്ടി വരുമെന്നും റാഷ്ഫോർഡ് അഭിപ്രായപ്പെട്ടത്.
“ഇന്നത്തെ മത്സര സാഹചര്യത്തിൽ ഞാൻ തീരെ നിരാശനാണ്. എന്നാൽ ടീമെന്ന നിലയിൽ ഞങ്ങളുടെ ശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്. അത്കൊണ്ട് തന്നെ അവരെ വേദനിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്,’ റാഷ്ഫോർഡ് പറഞ്ഞു.
“മത്സരം ഞങ്ങൾ 2-1ന്റെ ലീഡിൽ നിൽക്കുമ്പോൾ എനിക്കൊരു സുവർണാവസരം ലഭിച്ചിരുന്നു. ഞാൻ ബോക്സിൽ വെച്ച് ഫൗൾ ചെയ്യപ്പെട്ടു. അത് ചുവപ്പ് കാർഡ് കൊടുക്കേണ്ട ഫൗൾ ആയിരുന്നു. എന്നാൽ മത്സരം മാറിമറിയേണ്ട ആ സാഹചര്യത്തിൽ റെഫറി ഞങ്ങളോട് അനീതി കാണിച്ചു. റഫറിയുടെ തീരുമാനത്തിൽ ഞാൻ അസ്വസ്ഥനാണ്,’ റാഷ്ഫോർഡ് കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിനായി മികച്ച ഫോമിൽ കളിക്കുന്ന റാഷ്ഫോർഡിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ കളിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 24ന് ഇന്ത്യൻ സമയം പുലർച്ചെ 1:30നാണ് ഓൾഡ് ട്രഫോർഡിൽ വെച്ച് യൂറോപ്പ ക്വാളിഫയറിലെ രണ്ടാം പാദ മത്സരം നടക്കുന്നത്.
അതേസമയം 23 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളുമായി 46 പോയിന്റോടെ പ്രീമിയർ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാൻ യുണൈറ്റഡ്. ഫെബ്രുവരി 19ന് ലെസ്റ്റർ സിറ്റിക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights:We can hurt them rashford challenging barcelona in second leg europa league match