ന്യൂദല്‍ഹി: മതം, ജാതി, വംശം എന്നിവയുടെ പേരില്‍ വോട്ടുപിടിക്കരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
ഹിന്ദുത്വം മതമാണോ അതോ ജീവിത രീതിയാണോ എന്ന കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞ അദ്ദഹം താന്‍ സുപ്രീം കോടതി നിര്‍ദേശത്തോട് യോജിക്കുന്നുവെന്ന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും രാജ്‌നാഥ് സിങ് പ്രതികരിച്ചു. അച്ഛനും മകനും തമ്മിലുള്ള പോര് ഒരിക്കലും നല്ലതല്ല, അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടേയോ മറ്റോ ജാതിയോ മതമോ പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും മതേതരമാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.