'ഞങ്ങള്‍ തയ്യാറായി തന്നെയാണ് വന്നത്'; മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്
national news
'ഞങ്ങള്‍ തയ്യാറായി തന്നെയാണ് വന്നത്'; മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st June 2020, 12:07 pm

ഇംഫാല്‍: ബി.ജെ.പി നേതാവ് റാം മാധവിന്റെ പരിഹാസത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയി.

കൊറോണ വൈറസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മണിപ്പൂരിലേക്ക് പോയ അജയ് മാക്കനേയും ഗൗരവ് ഗൊഗോയിയേയും ക്വാറന്റൈനിലാക്കിയെന്നായിരുന്നു റാം മാധവിന്റെ പരിഹാസം.

എന്നാല്‍ രഹസ്യമായി തങ്ങള്‍ ഒന്നും ചെയതിട്ടില്ലെന്നും ഒരുങ്ങിത്തന്നെയാണ് മണിപ്പൂരില്‍ എത്തിയതെന്നുമാണ് ഗോഗോയി നല്‍കിയ മറുപടി.
മറ്റെല്ലാ യാത്രക്കാരെപ്പോലെ എല്ലാ വിവരങ്ങളും സര്‍ക്കാറിന് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍കൂര്‍ അനുമതിയോടെയാണ് ഞങ്ങള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വന്നത്. അതിനാലാണ് ഞങ്ങളെ ഇംഫാലില്‍ ഇറങ്ങാന്‍ അനുവദിച്ചത്. രഹസ്യമായി ഞങ്ങള്‍ സംസ്ഥാനത്ത് പ്രവേശിച്ചില്ല’ അദ്ദേഹം പറഞ്ഞു.

ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നാലെയാണ് മാധവ് വെള്ളിയാഴ്ച കോണ്‍ഗ്രസിനെ പരിഹിസിച്ച് രംഗത്തെത്തിയത്.

” കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നേടാനായില്ല, എന്നിട്ടും അവര്‍ നിയമസഭയില്‍ ഭൂരിപക്ഷം ഉന്നയിച്ച് ഗവര്‍ണറുടെ അടുത്തേക്ക് പോയി. കൊറോണ വൈറസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മണിപ്പൂരിലേക്ക് പ്രവേശിച്ച അജയ് മാക്കനേയും എം.പി ഗൗരവ് ഗോഗോയിയേയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു,” എന്നായിരുന്നു റാം മാധവ് പറഞ്ഞത്.

എന്നാല്‍ മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധി ഒരു നീണ്ട പോരാട്ടമായിരിക്കുമെന്നും ബി.ജെ.പി ഒരൊറ്റ രാജ്യസഭാ സീറ്റ് നേടി എന്നതിന്റെ അര്‍ത്ഥം അവരുടെ സര്‍ക്കാരിന് ഒരുപാട് അക്കങ്ങളുണ്ടെന്ന് അല്ലെന്നും ഗൊഗോയി പറഞ്ഞു.

” ബിരേന്‍ സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷത്തിലാണ്, ഞങ്ങള്‍ വിശ്വസവോട്ടെടുപ്പിലേക്ക് നീങ്ങുകയാണ്’ അദ്ദേഹം എന്‍.ഡി.ടിവിയോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ