| Thursday, 4th February 2021, 6:55 pm

ടീം മീറ്റിംഗില്‍ കര്‍ഷകസമരവും ചര്‍ച്ചയായി; വെളിപ്പെടുത്തലുമായി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് ചേര്‍ന്ന ടീമംഗങ്ങളുടെ യോഗത്തില്‍ കര്‍ഷകസമരവും ചര്‍ച്ചയായെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എല്ലാവരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുവെന്നും കോഹ്‌ലി പറഞ്ഞു.

അതേസമയം യോഗത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കോഹ്‌ലി തയ്യാറായില്ല.

നേരത്തെ കര്‍ഷകസമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി കോഹ്‌ലി രംഗത്തെത്തിയിരുന്നു.

വിയോജിപ്പുകളുടെ കാലത്ത് നാം ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് കോഹ്ലി പറഞ്ഞു.

‘ വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.

Content Highlight: We briefly discussed it in team meeting’: Virat Kohli on farmers Protest

We use cookies to give you the best possible experience. Learn more