ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സില്‍ ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന്റെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് ഒളിമ്പിക്സ് കമ്മിറ്റി താരത്തെ അയോഗ്യയാക്കിയത്.
അതില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിന്റെ ഇടയില്‍ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ സെലിബ്രറ്റികള്‍. അഭിനേതാക്കളായ ആലിയ ഭട്ട്, സമാന്ത രുത്ത് പ്രഭു, പാര്‍വതി തിരുവോത്ത്, ഫര്‍ഹാന്‍ അക്തര്‍, കരീന കപൂര്‍, തപ്സി പന്നു, ഫാത്തിമ സന ഷെയ്ഖ്, രാകുല്‍പ്രീത് സിങ് തുടങ്ങിയ നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ആലിയ ഭട്ട്
‘വിനേഷ് ഫോഗട്ട്, നിങ്ങള്‍ രാജ്യത്തിനാകെ ഒരു പ്രചോദനമാണ്. ഒന്നിനും നിങ്ങളുടെ സഹിഷ്ണുത ഇല്ലാതാക്കാന്‍ കഴിയില്ല, ഒന്നിനും നിങ്ങളുടെ ധൈര്യം കവര്‍ന്നെടുക്കാന്‍ സാധിക്കില്ല, ചരിത്രം സൃഷ്ടിക്കാന്‍ നിങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല.
ഇന്ന് നിങ്ങള്‍ ഹൃദയം തകര്‍ന്നിരിക്കുകയാകും, ഞങ്ങളും നിങ്ങളോടൊപ്പം ഹൃദയം തകര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ സ്വര്‍ണമാണ് – നിങ്ങള്‍ ഇരുമ്പും ഉരുക്കുമാണ്. നിങ്ങളില്‍ നിന്ന് അത് എടുത്തുകളയാന്‍ യാതൊന്നിനും കഴിയില്ല. നിങ്ങളെപ്പോലെ മറ്റാരുമില്ല’ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പാര്‍വതി തിരുവോത്ത്
വിനേഷ് നിങ്ങളാണ് ഞങ്ങളുടെ ഗോള്‍ഡ് മെഡല്‍. നിങ്ങള്‍ വിജയിയാണ്. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, ഒപ്പം നില്‍ക്കുന്നു’ പാര്‍വതി തിരുവോത്ത് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
സമാന്ത രുത്ത് പ്രഭു
‘ചില സമയങ്ങളില്‍, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്ക് ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. നിങ്ങള്‍ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓര്‍മിക്കുക. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിലനില്‍ക്കാനുള്ള നിങ്ങളുടെ കഴിവ് തീര്‍ച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കും’ സമാന്ത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
തപ്സി പന്നു
‘ഇത് ഹൃദയം തകര്‍ക്കുന്നു. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍, ഈ സ്ത്രീ ഇതിനകം സ്വര്‍ണത്തിനപ്പുറം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്’ തപ്സി പന്നു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഫര്‍ഹാന്‍ അക്തര്‍
‘പ്രിയ വിനേഷ് ഫോഗട്ട്, നിങ്ങള്‍ എത്രമാത്രം തകര്‍ന്നിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയും. ഇങ്ങനെ അവസാനിച്ചതില്‍ എന്റെ ഹൃദയം തകര്‍ന്നു. എന്നാല്‍ നിങ്ങളെക്കുറിച്ചും കായികരംഗത്ത് നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ടെന്ന് ദയവായി അറിയുക. നിങ്ങള്‍ എപ്പോഴും ഒരു ചാമ്പ്യനും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനവും ആയിരിക്കും. നിങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുക’ ഫര്‍ഹാന്‍ അക്തര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
‘ഇത് ഹൃദയഭേദകമാണ്’ എന്നാണ് നടി ഫാത്തിമ സന ഷെയ്ഖ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്. കരീന കപൂര്‍, രാകുല്‍പ്രീത് സിങ്ങ് ഉള്‍പ്പെടെയുള്ള നിരവധി സിനിമാ താരങ്ങള്‍ വിനേഷ് ഫോഗട്ടിന്റെ ഫോട്ടോ പങ്കുവെച്ച് പിന്തുണയുമായി എത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു 50 കിലോഗ്രാം ഫ്രിസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് വിജയിച്ചത്. ഉക്രൈനിന്റെ ഒക്സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്,
റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഉക്രൈന്‍ താരത്തെയും ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്‌നിലിസിനെയും വീഴ്ത്തിയാണ് വിനേഷ് ഫൈനലിലേക്ക് മുന്നേറിയത്.
ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
Content Highlight: ‘We are with you..’ Indian Film Stars Supports To Vinesh Phogat