ന്യൂദല്‍ഹി: സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിന് പിന്തുണയുമായി കര്‍ണാടക ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ശോഭ കരന്ത്‌ലജെ.
വ്യാജ വാര്‍ത്തകളുടെ പേരില്‍ രാജ്യത്ത് നിരവധി പേര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനും കൊലപാതകത്തിനും ഇരയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് വ്യാജ വാര്‍ത്തകളുടെ ഉറവിടമെന്ന് വിളിപ്പേരുള്ള പോസ്റ്റുകാര്‍ഡിന് തുറന്ന പിന്തുണ നല്‍കി ബി.ജെ.പി നേതാവ് തന്നെ രംഗത്തെത്തിയത്.
തങ്ങള്‍ പോസ്റ്റുകാര്‍ഡ് ന്യൂസ് ടീമിനൊപ്പമാണെന്നും മോദി വിരുദ്ധര്‍ക്കെതിരെയും ബി.ജെ.പി വിരുദ്ധര്‍ക്കെതിരെയും അത്ഭുതകരമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെക്കുന്നതെന്നും അഭിനന്ദനാര്‍ഹമായ പോരാട്ടമാണ് ഇതെന്നുമായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.
എം.എസ്.എമ്മുമായി താരതമ്യപ്പെടുത്തുമ്പോഴും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന മറ്റ് വെബ്‌സൈറ്റുകളെ വെച്ച് നോക്കുമ്പോഴും മഹേഷ് ഹെഗ്‌ഡേയും അദ്ദേഹത്തിന്റെ ടീമും വളരെ മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശോഭ കരന്ത്‌ലജെ പറയുന്നു.
കള്ളംപറയുന്ന എന്‍.ഡി.ടി.വിയേക്കാള്‍ മികച്ചതും വിശ്വസനീയവും പോസ്റ്റ് കാര്‍ഡ് ന്യൂസാണെന്നും ഇവര്‍ ട്വിറ്ററില്‍ പറയുന്നു.
പോസ്റ്റ് കാര്‍ഡ് ന്യൂസ് വ്യാജ വാര്‍ത്താ ഫാക്ടറിയാണോ ; ഇതാ ചില യാഥാര്‍ത്ഥ്യങ്ങള്‍ എന്ന് പറഞ്ഞ് വെബ്‌സൈറ്റ് പുറത്ത് വിട്ട ലേഖനം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി നേതാവ് പോസ്റ്റ് കാര്‍ഡിന് പിന്തുണ അറിയിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലായിരുന്നു ഇയാളെ അറസ്റ്റുചെയ്തത്.
ശ്രാവണബലെഗൊളയില്‍ വാഹനാപകടത്തില്‍ ഒരു ജൈനസന്യാസിക്ക് പരിക്കേറ്റ സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലായിരുന്നു പോസ്റ്റ് കാര്‍ഡ് ന്യൂസ് വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തക്ക് എതിരെയായിരുന്നു പരാതി.
എന്നാല്‍ മഹേഷിനെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ പിന്തുടരുന്ന വ്യക്തിയാണ് മഹേഷ് ഹെഗ്ഡെ.
ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാധ്യമമാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ്. ഇന്ത്യയെ നാണം കെടുത്തുന്നതില്‍ പ്രധാന പങ്ക് മുസ്‌ലീങ്ങള്‍ക്കാണെന്നും രാജ്യത്തെ 95 ശതമാനം ബലാത്സംഗങ്ങള്‍ക്കും പിന്നില്‍ മുസ്‌ലീങ്ങളാണെന്നും ഉള്‍പ്പെടെയുള്ള പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ വാര്‍ത്തകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മുസ്‌ലീങ്ങള്‍ പീഡിപ്പിക്കുന്നവരെല്ലാം ഹിന്ദു പെണ്‍കുട്ടികളാണെന്നുമായിരുന്നു പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.