| Saturday, 7th November 2020, 12:10 pm

300 ഇലക്ട്രല്‍ വോട്ടുകള്‍ നേടും, യു.എസ് ജനത മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് തന്റെ ജയമെന്ന് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവേ വിജയമുറപ്പിച്ചിരിക്കുകയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍. 300 ഇലക്ട്രല്‍ വോട്ടുകള്‍ വരെ താന്‍ നേടുമെന്നാണ് ഏറ്റവും ഒടുവില്‍ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്.

പെന്‍സില്‍വാനിയയില്‍ നമ്മള്‍ വിജയിക്കാന്‍ പോകുകയാണ്. ഈ തെരഞ്ഞെടുപ്പ് പോരാട്ടം നമ്മള്‍ വിജയിക്കും, എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

കൊവിഡ്, സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, വ്യവസ്ഥാപരമായ വംശീയത എന്നിവയ്‌ക്കെല്ലാമുള്ള മറുപടിയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമെന്നും ബൈഡന്‍ പറഞ്ഞു. കൊവിഡ് 19 നെ കൂടുതല്‍ ആശങ്കയോടെ നോക്കിക്കാണണമെന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മിക്കേണ്ട സമയമായെന്നും ബൈഡന്‍ പറഞ്ഞു.

ഇതിനൊപ്പം തന്നെ അരിസോണയിലും ജോര്‍ജിയയിലും ഉണ്ടാക്കാന്‍ സാധിച്ച മുന്നേറ്റത്തില്‍ അതിയായ സന്തോഷവും ബൈഡന്‍ പ്രകടിപ്പിച്ചു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരിസോണയില്‍ നമ്മള്‍ വിജയിക്കുന്നത്. ജോര്‍ജിയയില്‍ 28 വര്‍ഷത്തിന് ശേഷമാണ് ഡെമോക്രാറ്റിന് ഈ നേട്ടം ഉണ്ടാക്കാനായത്. നാല് വര്‍ഷം മുമ്പ് തകര്‍ന്ന നീലമതില്‍ രാജ്യത്തിന്റെ മധ്യത്തില്‍ തന്നെ നമ്മള്‍ പുനര്‍നിര്‍മിച്ചെന്നും
ബൈഡന്‍ പറഞ്ഞു.

ഓരോ മണിക്കൂറിലും കൂടുതല്‍ വ്യക്തമാകുന്നത്, എല്ലാ മതങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും, ജാതിയില്‍നിന്നും പ്രദേശങ്ങളില്‍ നിന്നും കൂട്ടായ തരത്തില്‍ ആളുകള്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നു എന്നാണ്. ഇത് ഒരു മാറ്റത്തെ തെരഞ്ഞെടുക്കുന്നതിന് കൂടിയാണ്.

ആരും നമ്മുടെ ജനാധിപത്യത്തെ നമ്മില്‍ നിന്ന് കവരാന്‍ പോകുന്നില്ല. ഇപ്പോള്‍ എന്നല്ല, ഒരിക്കലും. അമേരിക്ക വളരെയധികം മുന്നോട്ട് പോയി, വളരെയധികം യുദ്ധങ്ങള്‍ നടത്തി. അതിനായി പലതും സഹിച്ചെന്നും ബൈഡന്‍ പറഞ്ഞു.

നിലവില്‍ 74 മില്യണ്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. ട്രംപിനേക്കാള്‍ നാല് മില്ല്യണ്‍ വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We are winning 300 electoral votes: Biden

We use cookies to give you the best possible experience. Learn more