'വൈക്കോൽ കത്തിക്കുന്ന അമൃത്‌സറിൽ വായുനിലവാരം നല്ലത്, 300 കി.മീ അകലെയുള്ള ദൽഹിയിൽ എന്തുകൊണ്ട്?'
Kerala News
'വൈക്കോൽ കത്തിക്കുന്ന അമൃത്‌സറിൽ വായുനിലവാരം നല്ലത്, 300 കി.മീ അകലെയുള്ള ദൽഹിയിൽ എന്തുകൊണ്ട്?'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 6:56 pm

ചണ്ഡീഗഢ്: ദൽഹിയിലെ വായു മലിനീകരണത്തിന്റെ പേരിൽ തങ്ങളെ അനാവശ്യമായി ലക്ഷ്യം വെക്കുന്നതായും അപകീർത്തിപ്പെടുത്തുന്നതായും പഞ്ചാബിലെ കർഷകർ.

വയലുകളിൽ വൈക്കോൽ കത്തിക്കുന്നതല്ല മറിച്ച് വ്യവസായശാലകളും വാഹനങ്ങളും കെട്ടിട നിർമാണ മേഖലകളുമാണ് രാജ്യ തലസ്ഥാനത്തെ മലിനീകരണത്തിന് കാരണമെന്നും അവർ പറഞ്ഞു.

എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉണ്ടാകുന്ന ദൽഹിയിലെ മലിനീകരണത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും നെൽപ്പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ്.

ദൽഹിയിലെ വായുമലിനീകരണത്തിന് അനാവശ്യമായി കർഷകരെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഭാരതി കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രികാലൻ പറഞ്ഞു.

പഞ്ചാബിലെ പാടങ്ങളിൽ നിന്നുയരുന്ന പുക എന്തുകൊണ്ടാണ് ദൽഹിയിൽ മാത്രം മലിനീകരണത്തിന് കാരണമാകുന്നതെന്നും ജലന്തറിലും അമൃത്‌സറിലും എന്തുകൊണ്ടാണ് മലിനീകരണമില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.

‘പാടങ്ങൾക്ക് തീയിടുന്ന സ്ഥലങ്ങളിൽ വായുനിലവാരം നല്ലതാണ്. പിന്നെ എങ്ങനെയാണ് 300 കി.മീ അകലെയുള്ള ദൽഹിയിൽ മലിനീകരണം ഉണ്ടാകുക?’ സുഖ്ദേവ് സിങ് ചോദിച്ചു.

നിലവിൽ ദൽഹിയിലെ വായു നിലവാരം മോശമായതിനെ തുടർന്ന് എ.എ.പിയും ബി.ജെ.പിയും മറ്റു സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് കാരണമെന്ന് ആരോപിച്ചിരുന്നു.

ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലും ഉത്തർപ്രദേശിലുമാണ് വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ കൂടുതലായി കാണപ്പെടുന്നതെന്നും തന്റെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ കുറഞ്ഞ് വരികയാണെന്നും പഞ്ചാബ് ധനകാര്യമന്ത്രി ഹർപൽ സിങ് ചീമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, ഹരിയാന കാർഷികമന്ത്രി ജയ്പ്രകാശ് ദലാൽ വൈക്കോൽ കത്തിക്കൽ സംഭവങ്ങളിൽ പഞ്ചാബ് സർക്കാരിനെയായിരുന്നു കുറ്റപ്പെടുത്തിയത്.

നെൽ കൊയ്ത്തിനും മറ്റൊരു വിളയുടെ നടീലിനുമിടയിലുള്ള സമയം വളരെ കുറവാണ് എന്നതിനാൽ പഞ്ചാബിലെ നെൽകർഷകർ ഗോതമ്പ് കൃഷി ആരംഭിക്കും മുമ്പ് പാടത്തിന് തീയിട്ട് വൃത്തിയാക്കുകയാണ് ചെയ്യുക.

വൈക്കോൽ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാത്ത കർഷകരാണ് അവ വയലിൽ വച്ചുതന്നെ കത്തിക്കുന്നത്.

വയലിൽ നിന്ന് വൈക്കോൽ ശേഖരിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കണമെന്നും വൈക്കോൽ സൗജന്യമായി കൈമാറാൻ കർഷകർ തയ്യാറാണെന്നും സുഖ്ദേവ് സിങ് പറഞ്ഞു.

Content Highlight: ‘We are unnecessarily being targeted and defamed’ for Delhi air pollution, say Punjab farmers