കൊച്ചി: നായ്ക്കളോടെന്ന പോലെയാണ് ഉക്രൈന്‍ സൈന്യം തങ്ങളോട് പെരുമാറിയതെന്ന് കേരളത്തില്‍ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥിനി. മാനസികമായും ശാരീരികമായും തകര്‍ന്നുപോയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയതെന്നും നരകം പോലെയായിരുന്നു ആ ദിവസങ്ങളെന്നും അശ്വതി ഷാജി എന്ന വിദ്യാര്‍ത്ഥിനി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കീവ് നാഷനല്‍ യൂണിവേഴ്സിറ്റിയിലെ ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതി ഇന്നലെയാണ് തിരിച്ചെത്തിയത്.
സ്വന്തം പൗരന്മാരെ കയറ്റിവിടുന്നതില്‍ മാത്രമായിരുന്നു ഉക്രൈന്‍ പട്ടാളത്തിന് താത്പര്യമെന്നും പത്തു ഉക്രൈനികളെ വിടുമ്പോള്‍ ഒരു വിദേശിയെ കടക്കാന്‍ അനുവദിക്കുന്ന രീതിയായിരുന്നു അവരുടേതെന്നും ലക്ഷങ്ങളാണ് അതിര്‍ത്തി കടക്കാനായി അവിടെ കാത്തുനില്‍ക്കുന്നതെന്നും അശ്വതി പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിയേഴിന് കുറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു ബസ്സില്‍ അതിര്‍ത്തി പട്ടണം വരെ എത്തി. അവിടെ ചെക് പോസ്റ്റ് ഉണ്ട്. തുടര്‍ന്നുള്ള 47 കിലോമീറ്റര്‍ നടന്നാണ് പോയത്. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പിന്നെയും നീണ്ട ക്യൂവായിരുന്നു.
ഗെയ്റ്റ് കടന്ന് മറുവശത്ത് എത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നാണ് കരുതിയത്. പാസ്പോര്‍ട്ട് സ്റ്റാംപ് ചെയ്ത് അവിടെ കണ്ട ഒരു ബസില്‍ കയറിയപ്പോള്‍ അവര്‍ ഞങ്ങളെ വലിച്ചിഴച്ചു താഴെയിട്ടു. വേണമെങ്കില്‍ നടന്നുപോവാന്‍ പറഞ്ഞു. നായ്ക്കളോടെന്ന പോലെയാണ് അവര്‍ ഞങ്ങളോടു പെരുമാറിയത്’ അശ്വതി പറയുന്നു.
‘നമ്മുടെ അസ്ഥികള്‍ മരവിപ്പിക്കുന്ന തണുപ്പാണ് അവിടെ. എവിടെ നോക്കിയാലും വെടിയൊച്ചകളും ഷെല്‍ ആക്രമണങ്ങളും മാത്രമേ കാണാനുള്ളൂ. കഴിക്കാന്‍ ഭക്ഷണമൊന്നും ലഭിക്കില്ല. ഇതിനെല്ലാം പുറമേ ഉക്രൈന്‍ പട്ടാളക്കാരുടെ വംശീയ ആക്രമണവും,’ അശ്വതി പറഞ്ഞു.
ഫെബ്രുവരി 24ന് ഉക്രൈന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയാണ് റഷ്യ ബോംബിങ് തുടങ്ങിയതെന്നും ഹോസ്റ്റല്‍ കെട്ടിടമെല്ലാം കുലുങ്ങിയെന്നും തല പൊട്ടിപ്പിളരുന്നതു പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും അശ്വതി പറയുന്നു.
ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതര്‍ ഞങ്ങളെ ബേസ്മെന്റിലേക്കു മാറ്റി. യൂണിവേഴ്സിറ്റിയില്‍ മൂന്നു മലയാളി കുട്ടികളാണ് ഉള്ളത്. ഒരാള്‍ തുടക്കത്തില്‍ തന്നെ മടങ്ങിയിരുന്നു. ഇനിയൊരാളുള്ളത് ഹംഗറി അതിര്‍ത്തിയിലേക്കാണ് പോയത്, നാലുദിവസം നരകയാത്രയായിരുന്നെന്നും ഉറക്കമോ ഭക്ഷണമോ ഇല്ലാതെ കൊടുംതണുപ്പില്‍ ജീവന്‍പണയംവെച്ചുകൊണ്ട് അതിര്‍ത്തിയിലേക്ക് ഒരു മലയാളി ഏജന്റ് ഏര്‍പ്പാടാക്കിത്തന്ന വാഹനത്തില്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് പോകുകയായിരുന്നുവെന്നും അശ്വതി പറഞ്ഞു. 1200 കിലോമീറ്റര്‍ താണ്ടിയാണ് അവിടെ എത്തിയതെന്നും അശ്വതി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥിയായ അഭിരാമിയും ഉക്രൈന്‍ സൈന്യത്തിന്റെ ക്രൂരത മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഉക്രൈന്‍ സൈന്യം അടിമകളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്നും അതിര്‍ത്തിയില്‍ നിന്നും തങ്ങളെ കടത്തിവിടാന്‍ അവര്‍ തയ്യാറായില്ലെന്നും ക്രൂരമായി മര്‍ദിച്ചെന്നും അഭിരാമി പറഞ്ഞിരുന്നു.
അതിര്‍ത്തി കടക്കാന്‍ നന്നായി പാടുപെട്ടെന്ന് റൊമാനിയ അതിര്‍ത്തി വഴി എത്തിയ മറ്റൊരു മലയാളി വിദ്യാര്‍ത്ഥിനിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചിത്രം കടപ്പാട്: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്/ എ സനേഷ്