| Thursday, 30th January 2020, 7:41 pm

'പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍... കൊറോണയും നമ്മള്‍ അതിജീവിക്കും'; മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും അതിജീവിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

‘കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍… കൊറോണയും നമ്മള്‍ അതിജീവിക്കും… എന്ന് മോഹന്‍ലാല്‍ കുറിച്ചു.

നടന്‍ നിവിന്‍ പോളിയും ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരുന്നു. ഇന്നാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്.

വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കാണ് രോഗബാധ. ചൈനയില്‍നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. ചൈനയിലെ വുഹാന്‍ നിന്നു തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നുന്നെന്ന് കെ.കെ ശൈലജ പറഞ്ഞു.

ഇരുപത് പേരുടെ സാംപിളുകളാണ് സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ചത്. ഇതില്‍ ഒന്നു മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പതിനഞ്ചുപേരുടെ റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. നാലുപേരുടെ പരിശേധനാഫലം വരാനുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNewsVideo

We use cookies to give you the best possible experience. Learn more