Daily News
ജെ.ഡി.എസുമായി ലയനത്തിന് തയ്യാര്‍; മുന്നണി പിന്നീട് തീരുമാനിക്കും: വീരേന്ദ്രകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 28, 09:52 am
Wednesday, 28th October 2015, 3:22 pm

M.P-Veerendra-Kumarകോഴിക്കോട്: ജനതാദള്‍ എസുമായി ലയനത്തിന് തയ്യാറാണെന്ന് വെളിപ്പെടുത്തി ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ജനതാദള്‍ എസുമായി തങ്ങള്‍ ചര്‍ച്ചനടത്തുമെന്നും ജെ.ഡി.എസുമായി ലയിക്കണമെങ്കില്‍ അത് അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും മുന്നണിയേതാണെന്ന് തീരുമാനിക്കുക. എല്ലാകാലത്തും ഒന്നിച്ച് നില്‍ക്കണമെന്ന് ആഗ്രഹിച്ചവരാണ് ഞങ്ങളെന്നും എം.പി വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ജെ.ഡി.എസിനെയും ജെ.ഡി.യുവിനെയും ഒന്നിപ്പിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശരദ് യാദവ് പറഞ്ഞിരുന്നു. നേരത്തെ ഇത്തരം ശ്രമം പരാജയപ്പെട്ടു. ബീഹാര്‍ തെരഞ്ഞടുപ്പിന് ശേഷം ഇതിനായുള്ള ശ്രമം ആരംഭിക്കുമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ജനതാ പരിവാര്‍ പുനഃസംഘടിപ്പിക്കുമെന്നും ശരത് യാദവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടി മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയായ ജനതാദള്‍ (യു.)വില്‍ ലയിച്ചത്.