| Friday, 6th August 2021, 3:02 pm

ജാതിയധിക്ഷേപത്തിന് ഉഗ്രന്‍ മറുപടി നല്‍കി ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിംപിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കതാരിക്കും കുടുംബത്തിനും വലിയ രീതിയിലുള്ള ജാതിയധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

രാജ്യത്തിന് വേണ്ടിയാണ് നാമെല്ലാവരും കളിക്കുന്നതെന്നും എന്തൊക്കെ സംഭവിച്ചാലും ജാതിയുമായി ബന്ധപ്പെടുത്തിയുള്ള കമ്മന്റുകള്‍ നടത്തരുതെന്നും വന്ദന പറഞ്ഞു.

അത്തരം കാര്യം താന്‍ കേട്ടിട്ടുണ്ടെന്നും അത് ചെയ്യരുതെന്നും അവര്‍ പറഞ്ഞു.

സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ വന്ദനയുടെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വലിയ ജാതി അധിക്ഷേപമായിരുന്നു. വന്ദന കതാരിയയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ രണ്ടംഗ സംഘം ജാതി അധിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടയിരുന്നു.

സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്ത്യ തോറ്റത്. ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ദളിത് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യ തോറ്റത് എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ കതാരിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ടോകിയോയില്‍ ഹാട്രിക് നേടി ഇന്ത്യയുടെ സെമി വരെയുള്ള മുന്നേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വന്ദന. ഒളിംപിക്സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വന്ദന കതാരിയ.

അതേസമയം, ഒളിംപിക്സ് വനിതാ ഹോക്കിയില്‍ മെഡല്ലില്ലാതെയാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ ബ്രിട്ടനോട് ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: We are playing for country, casteist remarks shouldn’t happen: Vandana Kataria

We use cookies to give you the best possible experience. Learn more