'ഞങ്ങള്‍ ജീവിതത്തില്‍ വില്ലന്മാരല്ല' അബ്രഹാം ഓസ്ലറിലെ കൊടുംക്രൂരരായ ആ വില്ലന്മാര്‍
Film News
'ഞങ്ങള്‍ ജീവിതത്തില്‍ വില്ലന്മാരല്ല' അബ്രഹാം ഓസ്ലറിലെ കൊടുംക്രൂരരായ ആ വില്ലന്മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th January 2024, 10:40 am

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

2020ല്‍ റിലീസ് ചെയ്ത അഞ്ചാം പാതിര ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ അഥവാ മെഡിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതായിരുന്നു.

ചിത്രത്തില്‍ സൈജു കുറുപ്പ്, ജഗദീഷ്, കുമരകം രഘുനാഥ്, രവി വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ നെഗറ്റീവ് കഥാപാത്രങ്ങളായിട്ടായിരുന്നു എത്തിയത്. അവരുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ജോസഫ്, ശിവരാജ്, ശിവ, ഷജീര്‍ എന്നിവരായിരുന്നു.

ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ അബ്രഹാം ഓസ്ലറിനെ കുറിച്ച് സംസാരിക്കുകയാണ് ഈ പുതുമുഖ താരങ്ങള്‍. ഇവരോടൊപ്പം മമ്മൂട്ടിയുടെ ചെറുപ്പം ചെയ്ത സാബിക്കും അനശ്വര രാജനും ഉണ്ടായിരുന്നു.

ആര്‍.ഡി.എക്‌സ് എന്ന സിനിമക്ക് ശേഷം ചുള്ളന്‍മാരായ വില്ലന്മാര്‍ വലിയ ട്രെന്‍ഡ് ആണല്ലോയെന്നും അബ്രഹാം ഓസ്ലറില്‍ ഒരു പ്രത്യേക സ്‌റ്റൈല്‍ ഫോളോ ചെയ്യുന്നുണ്ടല്ലോയെന്നും വില്ലനിസം ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറുന്നുണ്ടോയെന്നും അഭിമുഖത്തില്‍ അവതാരക ചോദിച്ചു.

ഉറപ്പായിട്ടും വില്ലനിസം ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറുന്നുണ്ട് എന്നായിരുന്നു ജഗദീഷിന്റെ ചെറുപ്പം അഭിനയിച്ച ശിവരാജ് പറഞ്ഞത്. ഇതിനിടയില്‍ കൊടുംക്രൂരതകള്‍ ചെയ്തിട്ട് എത്ര പഞ്ചപാവങ്ങളായിട്ടാണ് ഈ വില്ലന്മാര്‍ ഇരിക്കുന്നത് എന്ന് അവതാരക ചോദിച്ചപ്പോള്‍ ഞങ്ങള്‍ ശരിക്കുമുള്ള ജീവിതത്തില്‍ വില്ലന്മാര്‍ അല്ലല്ലോ എന്ന മറുപടിയാണ് സെല്‍വരാജ് എന്ന കഥാപാത്രത്തിലെത്തിയ ഷജീര്‍ പറഞ്ഞത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ച സാബിക്കിന്റെ മമ്മൂട്ടിയുമായുള്ള മുഖസാദൃശ്യത്തെ കുറിച്ചും ഷജീര്‍ സംസാരിച്ചു.

‘എനിക്ക് സാബിക്കിന് മമ്മൂക്കയുടെ മുഖസാദൃശ്യം ഉണ്ടെന്ന് തോന്നിയിരുന്നു. ആദ്യമായിട്ട് ഞാന്‍ സാബിക്കിനെ കാണുന്നത് ഓസ്ലറിന്റെ കാസ്റ്റിങ്ങിന് പോയ സമയത്തായിരുന്നു. അന്ന് ഞാന്‍ അവനോട് നിന്നെ കാണാന്‍ മമ്മൂക്കയെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു, നിനക്ക് എന്തായാലും ചാന്‍സ് കിട്ടും എന്നും ഞാന്‍ പറഞ്ഞു. പിന്നെ ഒരു ഓള്‍ ദ ബെസ്റ്റ് കൂടെ പറഞ്ഞിട്ടാണ് ഞാന്‍ അവനെ വിട്ടത്,’ ഷജീര്‍ പറഞ്ഞു.

ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും പുറമെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ്, രവി വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.


Content Highlight: We are not villains in life; Abraham Ozler Movie’s Villains