ന്യൂദല്‍ഹി: വര്‍ഗീയ ചുവയുള്ള മുദ്രാവാക്യങ്ങളുയര്‍ത്തിയ ഹിന്ദു സംഘടന നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി കോടതി നിരസിച്ചു. ‘ഇന്ത്യ ഒരു താലിബാന്‍ രാഷ്ട്രമല്ല’ എന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതിവിധി.
ഹിന്ദു രക്ഷാ ദള്‍ പ്രസിഡന്റ് ഭൂപീന്ദര്‍ തോമറിന്റെ ജാമ്യാപേക്ഷയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ അന്‍ടില്‍ നിരസിച്ചത്. മുന്‍പ് ഇത്തരം സംഭവങ്ങള്‍ വര്‍ഗീയ പ്രശ്നങ്ങളിലേക്കും കലാപങ്ങളിലേക്കും നയിച്ചിട്ടുണ്ടെന്നും അതുവഴി സ്വത്തിനും ജീവനും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഈ വര്‍ഷം ആഗസ്റ്റ് 8ന് ജന്തര്‍മന്ദറില്‍ നടന്ന ഒരു റാലിയില്‍ വെച്ച് വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ തിരിയാന്‍ യുവാക്കളെ പ്രേരിപ്പിച്ചു എന്നതുമാണ് തോമറിനെതിരായ കേസ്.
”നമ്മളുടേത് ഒരു താലിബാന്‍ രാഷ്ട്രമല്ല. രാജ്യത്തെ നിയമങ്ങള്‍ നമ്മുടെ ബഹുസ്വരതക്കും സാംസ്‌കാരിക വൈവിധ്യത്തിനും വേണ്ടിയുള്ളതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോഴും അസഹിഷ്ണവും വ്യക്തികേന്ദ്രീകൃതവുമായ വിശ്വാസങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സുകള്‍ ഇപ്പോഴുമുണ്ട്,” ആഗസ്റ്റ് 21 ന് പ്രസ്താവിച്ച വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടെന്നും അവ ഗുരുതര സ്വഭാവമുള്ളവയാണെന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. കൂട്ടം കൂടുന്നതിന് ഭരണകൂടം അനുമതി നല്‍കാതിരുന്നിട്ടും ജന്തര്‍മന്ദറില്‍ ഒത്തുകൂടിയ സംഘം വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചു എന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്.
ആരോപണവിധേയനായ ഭൂപീന്ദര്‍ തോമര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയും ജഡ്ജി കോടതിയില്‍ കാണിച്ചു. അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സംസാരമായിരുന്നു അഭിമുഖത്തിലേത് എന്ന് കോടതി നിരീക്ഷിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിര്‍വചിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(a) നമ്മുടെ പ്രാഥമികാവകാശങ്ങളിലൊന്നാണെങ്കിലും അത് യാതൊരു നിയന്ത്രണമില്ലാത്ത ഒന്നല്ലെന്നും കോടതി പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഈയൊരവസരത്തില്‍ ഹിന്ദു രക്ഷാ ദള്‍ പ്രസിഡന്റ് കൂടിയായ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അയാള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രതിയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ പറഞ്ഞു.
താന്‍ ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ജാമ്യം ലഭിച്ചാലും നീതിപീഠത്തില്‍ നിന്നും ഒളിച്ചോടിപ്പോവില്ലെന്നും കാണിച്ചായിരുന്നു പ്രതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.