| Tuesday, 30th November 2021, 4:34 pm

മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല; സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ബഹളം വെച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത സഭാ നടപടിക്കെതിരെ പ്രതിപക്ഷ എം.പിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി.

‘സസ്‌പെന്‍ഷന് പിന്നില്‍ രാഷട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും,’ ബിനോയ് വിശ്വം പറഞ്ഞു.

‘പാര്‍ലമെന്റിനെ പരിഹസിക്കുകയാണ്. പ്രതിപക്ഷം വേണ്ട, ഞങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യും എന്ന് വാദിക്കുന്ന ബി.ജെ.പിയെ ഇതിനകത്ത് കാണാം. മാപ്പിന്റെ കാര്യം ചോദിക്കരുത്. മാപ്പ് ചോദിക്കാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല. ആ പാരമ്പര്യം ഞങ്ങളുടേതല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ നാളെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധര്‍ണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ല,’ എളമരം കരീം പറഞ്ഞു. ആഗസ്റ്റ് ഒന്നിലെ ബുള്ളറ്റിനില്‍ പ്രതിഷേധിച്ചവരുടെ പേരുകളുണ്ട്. അതില്‍ എളമരം കരീമിന്റെ പേരില്ല. പിന്നെ എങ്ങനെയാണ് നടപടിയെടുത്തതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടും കര്‍ഷക സമരവുമായി ബന്ധപ്പെട്ടുമായിരുന്നു പാര്‍ലമെന്റില്‍ ബഹളമുണ്ടായത്.

ആഗസ്റ്റ് 11 ന്, പുതിയ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ നിരവധി പ്രതിപക്ഷ എം.പിമാര്‍ മേശപ്പുറത്ത് കയറി കറുത്ത തുണി വീശി ഫയലുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു.

രാജ്യസഭയിലെ ചില വനിതാ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിക്കുന്നതിനിടെ പുരുഷ മാര്‍ഷലുകള്‍ തങ്ങളെ മര്‍ദിച്ചതായി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: we-are-not-savarkar-to-apologize-binoy-vishwam

We use cookies to give you the best possible experience. Learn more