മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തില്‍ പകച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയ നടപടിയില്‍ തങ്ങള്‍ക്ക് ആശ്ചര്യമല്ല തോന്നിയതെന്നും തങ്ങള്‍ ഞെട്ടിപ്പോകുകയാണെന്ന് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജാ മാധ്യമങ്ങളോട് പറഞ്ഞത്.
തങ്ങള്‍ക്ക് എന്‍.സി.പിയില്‍ നിന്ന് മറുപടി ലഭിച്ചേ തീരുവെന്നും സഞ്ജയ് ജാ പറഞ്ഞു. തങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്‍.സി.പിയെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും വന്ന പ്രതികരണം.
ഉപമുഖ്യമന്ത്രി അജിത് പവാറിന് 22 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയാണ് ലഭിച്ചതെന്നാണ് അറിയുന്നത്. ശിവസേനയുടെ ചില നേതാക്കളും ഇവര്‍ക്ക് പിന്തുണ നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇത്തരമൊരു നീക്കത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് എന്‍.സി.പി നേതാവ് നവാബ് മാലിക് പ്രതികരിച്ചത്.
അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചുമതലയേറ്റത്. എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം.
എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷത നീക്കത്തിനൊടുവിലാണ് ബി.ജെ.പിയും എന്‍.സി.പിയും കൈകോര്‍ക്കുന്നത്.
എന്‍.സി.പി നേതാവ് ശരദ് പവാറും നരേന്ദ്രമോദിയും ബുധനാഴ്ച്ച ദല്‍ഹിയില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതേ യോഗത്തില്‍ തന്നെ അമിത്ഷായും നിര്‍മ്മലാ സീതാരാമനും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ രാഷ്ട്രീയ നാടകത്തിന് ശരദ്പവാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല.