ന്യൂദല്‍ഹി:2021-22 ലെ സെന്‍സസില്‍ പ്രത്യേക ഗോത്ര മത കോഡ് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആദിവാസി സമൂഹം. 2021 ലെ സെന്‍സസില്‍ ആദിവാസികളെ ഹിന്ദുക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ആദിവാസികള്‍ക്ക് ഒരു പ്രത്യേക ‘ഗോത്ര മതം’ കോഡ് ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം 1951-52 ലെ സെന്‍സസില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും 1961-62 ലെ സെന്‍സസില്‍ ഇത് നിര്‍ത്തലാക്കി.
ഇപ്പോള്‍ വീണ്ടും പ്രത്യേക മത കോഡ് വേണമെന്ന ആവശ്യവുമായി ആദിവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് സെപ്റ്റംബര്‍ 20ന് ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹം പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
ജാര്‍ഖണ്ഡില്‍ താമസിക്കുന്ന എല്ലാ മതങ്ങളിലെയും വിഭാഗങ്ങളിലെയും ജനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തതായി ദേശീയ ആദിവാസി-തദ്ദേശീയ മത ഏകോപന സമിതി ചീഫ് കണ്‍വീനര്‍ ആര്‍വിംഗ് ഒറാവോണ്‍ പറഞ്ഞു.
ഭീം ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്കായി പ്രത്യേക കോളം ആവശ്യപ്പെട്ട് നേരത്തേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും പറഞ്ഞു.
നിലവില്‍ മുസ്‌ലിങ്ങള്‍ സിഖുകാര്‍, ക്രിസ്ത്യാനികള്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പേര്‍ഷ്യക്കാര്‍, ജൂതന്‍മാര്‍, ലിംഗായത്തുകള്‍ തുടങ്ങി നിരവധി ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക മത കോളങ്ങളുണ്ട്. എന്നാല്‍ ആദിവാസികളുടെ പ്രത്യേക മത കോളത്തെ മാത്രം ഒഴിവാക്കുക എന്നത് ഭരണഘടനാപരവും മൗലികവുമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിച്ചു.
ഗോത്ര മതത്തിന് ‘സര്‍ന ധര്‍മ്മം’ എന്ന പേര് നല്‍കിയ ബന്ദന്‍ ടിഗ്ഗ ആര്‍.എസ്.എസുമായി വളരെ അടുത്തയാളാണ്. ‘സര്‍ന’ എന്ന വാക്ക് ഏതെങ്കിലും ഗോത്രഭാഷയുടെ പദാവലിയിലില്ലെന്നും ആദിവാസി വിഷയങ്ങളില്‍ വിദഗ്ധനായ രത്തന്‍ ടിര്‍കി പറഞ്ഞു.
വിശ്വ ഹിന്ദു പരിഷത്തിനും ആര്‍.എസ്.എസിനുമെതിരെ നേരത്തേയും ജാര്‍ഖണ്ഡിലെ ഗോത്ര സമൂഹം രംഗത്തെത്തിയിരുന്നു.
ആദിവാസികളുടെ സ്വതത്തിനും സംസ്‌ക്കാരത്തിനും നേരയുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക