ന്യൂദല്‍ഹി: മതത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആദിവാസികള്‍. തങ്ങളുടെ മതം ‘സര്‍ണ’യാണെന്നും അതിനെ അംഗീകരിക്കണമെന്നും വരാനിരിക്കുന്ന സെന്‍സസില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ജാര്‍ഖണ്ഡ്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിരവധി പേരാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. 1885 ജൂണ്‍ 30ന് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സന്തല്‍ ലഹളയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ആദിവാസി സെല്‍ഗെല്‍ അഭിയാന്റെ കീഴിലാണ് പ്രതിഷേധം നടന്നത്.
‘സര്‍ക്കാര്‍ ഞങ്ങളുടെ മതത്തെ ‘സര്‍ണ’ എന്ന് തന്നെ അംഗീകരിക്കണം എന്നതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന സെന്‍സസില്‍ സര്‍ണ വിഭാഗത്തെ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തണം.’ ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ് സല്‍ഖാന്‍ മുര്‍മു പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.
‘രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരില്‍ കണ്ട് വിവരങ്ങള്‍ ബോധിപ്പിക്കണമെന്നുണ്ടെന്നും എന്നാല്‍ അതിന് അവസരം ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
‘പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ കണ്ട് വിവരങ്ങള്‍ ബോധിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കിയുള്ള നിവേദനം പൊലീസിന്റെ സഹായത്തോടെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്,’സല്‍ഖാന്‍ മുര്‍മു കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തെ ആദിവാസികള്‍ക്ക് അവരുടേതായ ജാതിയും മതവുമുണ്ട്. അവരുടേതായ മതാചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പക്ഷേ ഇതൊന്നും സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍.
ആദിവാസികള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ജീവിത ശൈലിയുണ്ട്. അവിടെ ഉടലെടുക്കുന്ന വിശ്വാസങ്ങളുണ്ട്, ആചാരങ്ങളുണ്ട്. ഞങ്ങള്‍ ആരാധിക്കുന്നത് പ്രകൃതിയെയാണ് വിഗ്രഹങ്ങളെയല്ല,’ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ഏകദേശം 12കോടി ആദിവാസികളാണുള്ളത്. ഇവരെ പട്ടികവര്‍ഗം എന്നാണ് അറിയപ്പെടുന്നത്. അത് ഇവരുടെ ജാതിയല്ല. ഭരണഘടന പ്രകാരം സ്വന്തം ജാതിയില്‍ അറിയപ്പെടാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കുമുള്ളതുപോലെ ആദിവാസികള്‍ക്കും ഉണ്ടെന്നും സല്‍ഖാന്‍ പറഞ്ഞു. രാജ്യത്തെ മറ്റ് മതങ്ങളെപ്പോലെ തന്നെ വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുള്ളതിനാല്‍ തന്നെ മറ്റ് മതങ്ങളെപോലെ തന്നെ തങ്ങളുടെ മതത്തേയും പരിഗണിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.
Content Highlight: we are not hindus, recognize us in our religion says tribal groups in india