| Wednesday, 27th May 2020, 8:16 am

പൗരത്വ സമരത്തിനെതിരായ വേട്ടയാടല്‍ ആര്‍.എസ്.എസ് അജണ്ട; അനീതികള്‍ക്കെതിരെ ഇനിയും ശബ്ദമുയരുമെന്ന് വിദ്യാര്‍ത്ഥി-യുവ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും വേട്ടയാടല്‍ തുടരുകയാണെന്ന് വിദ്യാര്‍ത്ഥി-യുവ നേതാക്കള്‍. ലോക്ക് ഡൗണ്‍ കാലത്ത് വിമതാഭിപ്രായം രേഖപ്പെടുത്തുന്നവരെ തെരെഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് സര്‍ക്കാരെന്നും നേതാക്കള്‍ സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ കനയ്യ കുമാര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ഐസ പ്രസിഡന്റ് എന്‍. ബാലാജി, ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി ആയിഷ റെന്ന, ഉമര്‍ ഖാലിദ്, ഫവാസ് ഷാഹെന്‍, ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൊവിഡ് കാലത്തും തുടരുന്ന ഈ വേട്ടയിലൂടെ ആര്‍.എസ്.എസ് അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

കപില്‍ മിശ്രയേയും അനുരാഗ് ഠാക്കൂറിനേയും പോലുള്ള ബി.ജെ.പി നേതാക്കളുടെ പങ്കാളിത്തത്തോടെ ദല്‍ഹി പൊലീസും ഗുണ്ടകളും ചേര്‍ന്ന് ദല്‍ഹി വംശീയാതിക്രമം നടപ്പാക്കുകയും ഇപ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയുമാണെന്ന് ആയിഷ റെന്ന പറഞ്ഞു.

ക്രിമിനലുകളെ രക്ഷിക്കുകയും ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ത്ഥി നേതാക്കളെ വേട്ടയാടുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കുറ്റപ്പെടുത്തി.

തങ്ങളാരും രാജ്യത്തിന്റെ ശത്രുക്കളല്ലെന്നും എന്നാല്‍ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ റോഡില്‍ ഇറങ്ങുന്നവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഭീമ കൊറൊഗാവ് സംഭവത്തിലും ഇത് തന്നെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ തിരക്കഥ ദല്‍ഹി പൊലീസ് നടപ്പാക്കിയതോടെ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് യു.എ.പി.എ ചുമത്താവുന്ന കുറ്റവും ‘ഗോളി മാറോ സാലോം കോ’ മുദ്രാവാക്യം രാജ്യസ്‌നേഹവുമായി മാറിയിരിക്കുകയാണെന്ന് ഐസ നേതാവ് സായ് ബാലാജി പറഞ്ഞു.

കപില്‍ മിശ്രയ്ക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ബാലാജി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more