ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നതായി വ്യവസായ രാഹുല്‍ ബജാജ്. വിമര്‍ശനം ശരിയായ രീതിയിലാണോ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ നടന്ന ‘ദ ഇക്കണോമിക് ടൈംസ് ഇ.ടി പുരസ്‌കാര’ച്ചടങ്ങില്‍ വെച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ സ്‌റ്റേജിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും അധിക്ഷേപിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല.’- രാഹുല്‍ പറഞ്ഞു.
ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷാ ഇതിനു മറുപടിയായി അതേ വേദിയില്‍ പറഞ്ഞത്.
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ‘അവര്‍ ബി.ജെ.പിയുടെ പിന്തുണ നേടുന്നതില്‍ വിജയിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രജ്ഞയുടെ പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്നായിരുന്നു ഇതിന് ഷായുടെ മറുപടി.
സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ വിശ്വാസത്തില്‍ നിന്നും ആത്മവിശ്വാസത്തില്‍ നിന്നും മാറി അത് ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.