| Sunday, 30th August 2020, 4:34 pm

'ഞങ്ങള്‍ ആരുടെയും കളിപ്പാവകളല്ല'; പാകിസ്താന് പെട്ടെന്നെങ്ങനെ സ്‌നേഹമുണ്ടായെന്ന് ഫറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനസ്ഥാപിക്കാനായി കശ്മീരിലെ മുഖ്യപാര്‍ട്ടികള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ഗുപ്കാര്‍ പ്രസ്താവനയ്ക്ക് പിന്തുണ നല്‍കിയ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണ്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഫറൂബ് അബ്ദുള്ള.

തങ്ങള്‍ ആരുടെയും പാവകളെല്ലെന്ന് പാകിസ്താനോട് പറഞ്ഞ ഫറൂബ് അബ്ദുള്ള നേരത്തെ ജമ്മുകശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ ബദ്ധവൈരികളായി കണ്ടവര്‍ക്ക് പെട്ടെന്ന് എങ്ങിനെയാണ് തങ്ങളെ ഇഷ്ടമായതെന്നും ചോദിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി, പി.ഡി.പി, കോണ്‍ഗ്രസ് തുടങ്ങി അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപപ്പടുത്തിയ ഗുപ്കാര്‍ പ്രസ്താവന നിര്‍ണായകമാണെന്ന് പറഞ്ഞ പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ന്യൂദല്‍ഹിയിലുള്ളവരുടെയോ അതിര്‍ത്തിക്കപ്പുറത്തുള്ളവരുടെയോ കളിപ്പാവകളല്ല. ഞങ്ങളുടെ ഉത്തരവാദിത്തം കശ്മീരിലെ ജനങ്ങളോട് മാത്രമാണ’. അദ്ദേഹം പറഞ്ഞു.

ക്രോസ് ബോര്‍ഡര്‍ ടെററിസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കശ്മീരിലേക്ക് ആയുധങ്ങളുമായി ആളുകളെ ഇറക്കുന്നത് പാകിസ്താന്‍ നിര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തെ രക്തച്ചൊരിച്ചലിന് അറുതിവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഫറൂബ് അബ്ദുള്ള പറഞ്ഞു.

കശ്മീര്‍ ജനത രണ്ട് വശത്തെയും അതിര്‍ത്തികളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിന് ഒരു അറുതി വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more