ന്യൂദല്‍ഹി: ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ക്ഷാമത്തില്‍ പ്രതികരണവുമായി ദല്‍ഹി ഹൈക്കോടതി.
നമ്മളൊക്കെ ഈ നരകത്തിലാണ് ജീവിക്കുന്നതെന്നാണ് കോടതി ഹരജി പരഗണിച്ചുകൊണ്ട് പറഞ്ഞത്.
” നമ്മള്‍ ഈ നരകത്തിലാണ് ജീവിക്കുന്നത്. എല്ലാവരും ഈ നരകത്തിലാണ് ജീവിക്കുന്നത്. സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന സാഹചര്യമാണ് ഇത്. പക്ഷേ ഞങ്ങള്‍ നിസ്സഹായരാണ്,” കോടതി പറഞ്ഞു.
മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എന്നാണ് മരുന്ന് ഇറക്കുമതി ചെയ്യുന്നത് എന്നതിനെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും മരുന്നെത്തിക്കാന്‍ എടുക്കുന്ന സമയത്തെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ആവശ്യകത വളരെ കൂടുതലുള്ള സാഹര്യത്തില്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി യുടെ 2.30 ലക്ഷം കുപ്പികള്‍ മാത്രം വാങ്ങുന്നതിന് പിന്നിലെ കാരണം വിശദീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു,
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നുകളുടെ കുറവ് സംബന്ധിച്ച പ്രശ്‌നം അഭിഭാഷകന്‍ രാകേഷ് മല്‍ഹോത്രയാണ് ഉന്നയിച്ചത്. കൊവിഡ് ബാധിതരില് ബ്ലാക്ക് ഫംഗസ് രോഗം കണ്ടുവരുന്നത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപകമായി കണ്ടതോടെ രോഗത്തെ എപ്പിഡെമിക്ക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.