| Sunday, 23rd October 2022, 1:44 pm

'ഞങ്ങൾ ഹിന്ദുക്കളാണ്, തെറ്റ് ചെയ്യാൻ സാധിക്കില്ല'; ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ് പ്രതികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തങ്ങൾ ഹിന്ദുക്കളാണെന്നും അതിനാൽ തെറ്റ് ചെയ്യില്ലെന്നുമുള്ള വാദവുമായി ബിൽക്കീസ് ബാനു കൂട്ട ബലാത്സം​ഗക്കേസ് പ്രതികൾ. ​ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ 11 പ്രതികളെ നേരത്തെ ​ഗുജറാത്ത് സർക്കാർ വിട്ടയച്ചിരുന്നു. ജയിലിൽ പ്രതികളുടെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ വെറുതെവിട്ടത്.

ബിൽക്കീസ് ബാനുവിന്റെ കുഞ്ഞ് ഉൾപ്പെടെ കുടുംബാ​ഗങ്ങളും ​ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിൽ വസ്തുതകൾ നിലനിൽക്കെയാണ് തങ്ങൾ നിരപരാധികളാണെന്നും ഹിന്ദുസമൂഹത്തിൽ നിന്നുള്ളവർക്ക് തെറ്റ് ചെയ്യാൻ കഴിയില്ലെന്നുമുള്ള വാദവുമായി ഇവർ രം​ഗത്തെത്തിയിരിക്കുന്നത്.

എൻ.ഡി.ടി.വിയോടായിരുന്നു ഇവരുടെ പ്രതികരണം.

“ഞങ്ങൾ നിരപരാധികളാണ്. അമ്മാവനും മരുമകനും ചേർന്ന് ആരുടെയെങ്കിലും മുന്നിൽ വെച്ച് ആരെയെങ്കിലും ബലാത്സംഗം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഹിന്ദു സമൂഹത്തിൽ ഇത് സംഭവിക്കുന്നുണ്ടോ? ഇല്ല, ഹിന്ദുക്കൾ അത് ചെയ്യില്ല,” കേസിലെ പ്രതികളിലൊരാളായ ഗോബിന്ദ് നായ് പറഞ്ഞു.

ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ രന്ധിക്പൂരിൽ തിരിച്ചെത്തിയിരുന്നു. ബിൽക്കീസ് ബാനുവും ഇതേ പ്രദേശത്ത് തന്നെയായിരുന്നു താമസിച്ചത്. എന്നാൽ സംഭവത്തിന് ശേഷം വീടുമാറുകയായിരുന്നു.

ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസായിരുന്നു പ്രായം. അഞ്ച് മാസം ഗർഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെട്ടിരുന്നു.

കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ ഓഗസ്റ്റ് 15നാണ് ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ​ഗുജറാത്ത് സർക്കാരായിരുന്നു പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്, എന്നാൽ സർക്കാർ ഉത്തരവിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

പ്രതികളെ വിട്ടയക്കാനുള്ള നീതിരഹിതമായ തീരുമാനം കൈക്കൊള്ളുമ്പോൾ തന്റെ സുരക്ഷിതത്വത്തെ കുറിച്ചോ നിലവിലെ അവസ്ഥയെ കുറിച്ചോ ആരും അന്വേഷിച്ചിട്ടില്ല. ഇത്തരമൊരു നടപടി സ്വീകരിക്കരുതെന്ന് അപേക്ഷിച്ചിട്ടും ആരും കേട്ടില്ല-ബിൽക്കീസ് ബാനു പറയുന്നു. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ ചില സംഘടനകളും വ്യക്തികളും പൊതുതാൽപര്യ ഹരജികൾ നൽകിയിട്ടുണ്ട്.

Content Highlight:’We are Hindus and cannot do wrong’; Accused in Bilkis Banu gang rape case

We use cookies to give you the best possible experience. Learn more