ബംഗളൂരു: കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജനതാദള്‍ എസ് എം.എല്‍.എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള സര്‍ക്കാര്‍. എം.എല്‍.എമാര്‍ക്ക് ധൈര്യമായിട്ട് കേരളത്തിലേക്കെത്താമെന്നും കുതിരക്കച്ചവടം പോലുള്ള പ്രശ്നങ്ങള്‍ ഇവിടെയുണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന നിലയില്‍ കര്‍ണാടകയില്‍ നിന്നുള്ള എം.എല്‍.മാരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് വേണ്ട സഹായം ചെയ്യാനും ഒരുക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്നോടിയായി ഹോട്ടലിന് സമീപവും നെടുമ്പാശേരി വിമാനത്താവളത്തിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്നും എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ഇവര്‍ക്ക് അകമ്പടി സേവിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ന് രാത്രി തന്നെ എം.എല്‍.എമാര്‍ കേരളത്തിലെത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ ബംഗലൂരുവില്‍ നിന്ന് മാറ്റാനൊരുങ്ങവെ വ്യോമമന്ത്രാലയം വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി.ജി.സി.എ ( ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കുകയാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.