| Monday, 10th October 2022, 11:31 am

ചിലപ്പോള്‍ നിയമം കയ്യിലെടുത്തെന്ന് വരാം, എന്നുകരുതി കലാപമുണ്ടായാല്‍ ഞങ്ങള്‍ക്ക് നേരെ തിരിയേണ്ട; വിശ്വ ഹിന്ദു പരിഷത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കലാപമുണ്ടായാല്‍ തങ്ങള്‍ക്ക് നേരെ തിരിയരുതെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കി വിശ്വ ഹിന്ദു പരിഷത് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയ്ന്‍. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് വര്‍ഗീയ കലാപമുണ്ടായാല്‍ തങ്ങളുടെ നേര്‍ക്ക് തിരിയരുതെന്നാണ് ജെയ്‌നിന്റെ പരാമര്‍ശം. ഹിന്ദുക്കള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പോരാടേണ്ടിവരുമെന്നും അത്തരം സാഹചര്യങ്ങളില്‍ നിയമം കയ്യിലെടുക്കുമെന്നും ജെയ്ന്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

‘രാജ്യത്ത് കലാപങ്ങള്‍ പെരുകുകയാണ്. എന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍ ഞങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഹിന്ദുക്കള്‍ക്ക് അവരുടെ നിലനില്‍പപിന് വേണ്ടി പോരാടേണ്ടി വരും. അപ്പോള്‍ നിയമം കയ്യിലെടുത്തെന്ന് വരാം. അവരെന്ത് ചെയ്യുമെന്നത് ആളുകളെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് അത്തരം അവസരം ഉണ്ടാകുന്നതിന് മുമ്പ് പൊലീസുകാരുടെ ഭാഗം ചെയ്ത് തീര്‍ക്കുക,’ ജെയ്ന്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഹിന്ദുക്കളോട് സംഘടിക്കണമെന്നും ആയുധമെടുക്കണമെന്നുമായിരുന്നു
മത നേതാവായ മഹാന്ത് നവാല്‍ കിഷോര്‍ ദാസിന്റെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍
താന്‍ ആരോടും തോക്കുകള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല. ഞാന്‍ പറഞ്ഞത് എല്ലാവരും ഒരുമിച്ച് ചേരണമെന്നാണ്. ആയുധം കൊണ്ട് ഉദ്ദേശിച്ചത് കല്ലോ ലാത്തിയോ ആണ്. അതും രാജ്യത്തിന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം. ആറു വയസുകാരനായ കുട്ടിയെ കൊല്ലുന്നത് കണ്ട് ആസ്വദിച്ച നാടാണിത്.

ജിഹാദികള്‍ക്കെതിരെ പോരാടണം. എന്നാല്‍ മാത്രമേ രാജ്യത്തിന് രക്ഷയുണ്ടാകൂ. അതിന് വേണ്ടി വന്നാല്‍ ആയുധമെടുക്കണം. പൊലീസിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മതനേതാവായ ജഗത് ഗുരുവും സമാന വാദവുമായി റാലിയില്‍ എത്തിയിരുന്നു. ഹിന്ദുത്വര്‍ ഒന്നിച്ചുകൂടാത്ത പക്ഷം ജിഹാദികള്‍ ഹിന്ദുത്വ വിശ്വാസികളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുമെന്നും ഹിന്ദുക്കള്‍ ഒന്നിച്ചു ചേരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഹിന്ദുക്കള്‍ ഒന്നിച്ചുകൂടാത്ത പക്ഷം ജിഹാദികള്‍ ഹിന്ദുത്വ വിശ്വാസികളെ തേടിപ്പിടിച്ച് കൊലപ്പെടുത്തും. അതുകൊണ്ടാണ് ഹിന്ദുക്കളോട് സംഘടിക്കാന്‍ ആവശ്യപ്പെടുന്നത്.

ആരെങ്കിലും ഹിന്ദു ക്ഷേത്രങ്ങളെയോ ഹിന്ദു സ്ത്രീകളെയോ കുടുംബങ്ങളെയോ ലക്ഷ്യം വെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ വിരലുകളല്ല, കൈകള്‍ മുറിച്ചുമാറ്റുക. ആവശ്യമെങ്കില്‍ തലയറുക്കുക. ഇതൊക്കെ ചെയ്താലും കൂടിപ്പോയാല്‍ എന്ത് സംഭവിക്കും? ഒന്നോ രണ്ടോ പേര്‍ തൂക്കിലേറ്റപ്പെടും. സാരമില്ല.

അത് വെറും നിയമമാണ്. ഹിന്ദുക്കളെ കൊല്ലുന്ന മുസ്‌ലിം തീവ്രവാദികളെ സംരക്ഷിക്കാനുള്ള നിയമം. കാരണം ജിഹാദികള്‍ ഒന്നല്ല, ഒരു കൂട്ടമാണ്. അവര്‍ 14 പേരെ വരെ കല്യാണം കഴിക്കുകയാണ്. വീണ്ടും തലമുറകള്‍ സൃഷ്ടിക്കുകയാണ്. അവരെ കൊന്നൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്,’ ജഗത് ഗുരു പറയുന്നു.

Content Highlight: we are forced to take law and order into our own hands, on’t complain later when something happens says VHP

Latest Stories

We use cookies to give you the best possible experience. Learn more